ജാപ്പനീസ് ആഡംബരക്കപ്പലിലെ 10 പേർക്ക് കൊറോണ; നാലായിരത്തോളം പേർ നിരീക്ഷണത്തിൽ
കപ്പലിൽ യാത്ര ചെയ്ത, ഹോങ്കോങ്കിൽ ഇറങ്ങിയ ഒരു യാത്രക്കാരന് കൊറോണ വൈറസ് ബാധിച്ചതിനെത്തുടർന്നാണ് കപ്പലിലുള്ളവരെ പരിശോധനക്ക് വിധേയരാക്കിയത്
ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കപ്പലിലുള്ള 3,711 പേരെ നിരീക്ഷണത്തിലാക്കി. യോക്കോഹമ തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ യാത്രക്കാരെ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നു പുറത്തിറങ്ങാൻ അനുവദിച്ചിട്ടില്ല. 14 ദിവസത്തെ നിരീക്ഷണമാണ് കപ്പലിലെ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലില്‍ നിന്നും കൊറോണ സ്ഥിരീകരിച്ചവരെ സ്ഥലത്തെ ആശുപത്രികളിലേക്ക് മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു. 3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്.
കപ്പലിൽ യാത്ര ചെയ്ത, ഹോങ്കോങ്കിൽ ഇറങ്ങിയ ഒരു യാത്രക്കാരന് കൊറോണ വൈറസ് ബാധിച്ചതിനെത്തുടർന്നാണ് കപ്പലിലുള്ളവരെ പരിശോധനക്ക് വിധേയരാക്കിയത്. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന 272 പേരുടെ പരിശോധനയാണ് ഇതുവരെ നടത്തിയതെന്നും 31 പേരുടെ ഫലം ലഭിച്ചതിൽ 10 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും ജപ്പാൻ ആരോഗ്യ മന്ത്രി കട്സുനോബ് കറ്റോ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെ കപ്പലിൽനിന്നു മാറ്റിയിട്ടുണ്ട്.
കപ്പലിൽ ഉള്ളവർ ഉൾപ്പെടെ ജപ്പാനിൽ ഇതുവരെ 23 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസിന്റെ ഉറവിടമായ ചൈനയിലെ വുഹാനിൽനിന്ന് എത്തിയവർക്കാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. ചൈനയിൽ പോകാതെ, രോഗബാധതിനുമായി ബന്ധം പുലർത്തിയ രണ്ടു പേർക്കും ജപ്പാനിൽ രോഗം വന്നിട്ടുണ്ട്. വുഹാനിൽനിന്ന് ഏകദേശം 500 പൗരന്മാരെ ജപ്പാൻ നാട്ടിൽ തിരികെ എത്തിച്ചിരുന്നു.