ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി പതിനഞ്ചിലധികം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ മരിച്ചു

കണ്ടെടുത്ത മൃതദേഹങ്ങളെല്ലാം സ്ത്രീകളുടെയും കുട്ടികളുടെയുമാണെന്ന് റിപ്പോർട്ടുകളുണ്ട്

Update: 2020-02-11 08:34 GMT

ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി പതിനഞ്ചിലധികം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ മരിച്ചു. അമ്പതോളം പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ സെന്റ് മാർട്ടിൻ ദ്വീപിനടുത്താണ് ബോട്ട് മറിഞ്ഞത്. കാണാതായവരെ കണ്ടെത്താന്‍ ബംഗ്ലാദേശ് കോസ്റ്റ് ഗാർഡും നാവിക സേനയും സംയുക്തമായി തെരച്ചില്‍ നടത്തുന്നുണ്ട്. അറുപതിലധികം പേരെ ജീവനോടെ കരക്കെത്തിച്ചു. പലരെയും ഇപ്പോഴും കാണാനില്ല. അതിനാല്‍ മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത.

കണ്ടെടുത്ത മൃതദേഹങ്ങളെല്ലാം സ്ത്രീകളുടെയും കുട്ടികളുടെയുമാണെന്ന് റിപ്പോർട്ടുകളുണ്ട്. ബോട്ട് മലേഷ്യയിലേക്കാണെന്നും ബംഗ്ലാദേശിലെ ക്യാമ്പുകളിൽ നിന്നുള്ള റോഹിങ്ക്യന്‍ അഭയാർഥികളെ ഉൾപ്പെടുത്തിയെന്നും പ്രാദേശിക അധികൃതർ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

2017 ഓഗസ്റ്റിൽ മ്യാൻമര്‍ സൈന്യത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് നിരവധി റോഹിങ്ക്യന്‍ മുസ്‌ലിംകൾക്കാണ് ബംഗ്ലാദേശിലേക്ക് പാലായനം ചെയ്യേണ്ടിവന്നത്. ഇവരില്‍ പലരും അഭയാർഥി ക്യാമ്പുകളില്‍ നിന്ന് പിന്നീട് ബോട്ടുകളിൽ മലേഷ്യയിലേക്ക് പലായനം ചെയ്യാറുണ്ടായിരുന്നു.

Tags:    

Similar News