ഇറാഖിലെ യു.എസ് എംബസിക്ക് സമീപം വ്യോമാക്രമണം; ആളപായമില്ല

Update: 2020-02-16 19:31 GMT

ഇറാഖിലെ യു.എസ് എംബസിക്ക് സമീപം വ്യോമാക്രമണം. ഇന്നു പുലർച്ചെയാണ് നിരവധി റോക്കറ്റുകൾ വന്നുപതിച്ചത്. നാലുമാസത്തിനിടെ എംബസിക്കു സമീപം നടക്കുന്ന പത്തൊന്‍പതാമത്തെ ആക്രമണമാണിത്. എണ്ണമറ്റ റോക്കറ്റുകൾ സ്ഥലത്ത് പതിച്ചതായി ഇറാഖ് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ആളപായം ഇല്ലെന്നാണ് പ്രാഥമിക വിവരം. അതേ സമയം ആക്രമണം വലിയ നാശനഷ്ടം വിതച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിൽ വധിച്ച ശേഷം മേഖല സംഘർഷഭരിതമാണ്. ഇറാഖ് ഉൾപ്പെടെ പശ്ചിമേഷ്യയിൽ നിന്ന് അമേരിക്കയെ തുരത്തും വരെ ആക്രമണം തുടരുമെന്ന് ഹിസ്ബുല്ല ഉൾപ്പെടെ വിവിധ ഇറാൻ അനുകൂല ശിയാ മീലീഷ്യ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. അക്രമിച്ചാൽ അമേരിക്കക്കും ഇസ്രായേലിനും എതിരെ ആഞ്ഞടിക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാനും ഭീഷണി മുഴക്കിയിരുന്നു.

ബുധനാഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയുടെ ഗൾഫ് പര്യടനം ആരംഭിക്കാനിരിക്കെയാണ് പുതിയ ആക്രമണം എന്ന പ്രത്യേകത കൂടിയുണ്ട്. ഇറാനെതിരെ അനുകൂല രാജ്യങ്ങളുടെ കൂടുതൽ ശക്തമായ കൂട്ടായ്മ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മൈക് പോംപെയോ സൗദി, ഒമാൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നത്.

Tags:    

Similar News