ഫെബ്രുവരി 26;വേൾഡ് ട്രേഡ് സെന്ററിന് നേരെ ആദ്യ ഭീകരാക്രമണം നടന്ന ദിവസം
1993 ഫെബ്രുവരി 26. നോര്‍ത്ത് ടവറിന് താഴെ നിര്‍ത്തിയിട്ടിരുന്ന ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു
ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായിരുന്ന വേൾഡ് ട്രേഡ് സെന്ററിന് നേരെ ആദ്യ ഭീകരാക്രമണം നടന്ന ദിവസമാണ് 1993 ഫെബ്രുവരി 26. നോര്‍ത്ത് ടവറിന് താഴെ നിര്‍ത്തിയിട്ടിരുന്ന ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ആ സമയത്ത്, യുഎസ് മണ്ണില്‍ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണങ്ങളില്‍ ഒന്നായിരുന്നു അത്.
1973-ല്‍ പണി പൂര്‍ത്തിയാവുമ്പോള്‍ മാന്‍ഹട്ടന്റെ മുകളിലേക്ക് തലയുയര്‍ത്തി നിന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളില്‍ ഒരോന്നിനും 110 നിലകള്‍ വീതം പൊക്കമുണ്ടായിരുന്നു. ചിക്കാഗോയിലെ സിയേഴ്‌സ് ടവേഴ്‌സ് മറികടക്കും മുമ്പ് ലോകത്തിലെ ഏറ്റവും ഉയരമുണ്ടായിരുന്ന കെട്ടിടമായിരുന്നു വേൾഡ് ട്രേഡ് സെന്റർ. 1993 ഫെബ്രുവരി 26-നായിരുന്നു വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ ആദ്യ ഭീകരാക്രമണം നടന്നത്. നോര്‍ത്ത് ടവറിന് താഴെ നിറുത്തിയിട്ടിരുന്ന ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. 606 കിലോ യൂറിയ നൈട്രേറ്റ് ഒരു ഹൈട്രജന്‍ വാതക ഉദ്ദേജകം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.
നോര്‍ത്ത് ടവര്‍ സൗത്ത് ടവറിന്റെ മുകളിലേക്ക് വീഴ്ത്തി രണ്ട് ടവറുകളും തകര്‍ത്ത് ജനങ്ങളെ കൊല്ലുകയായിരുന്നു ലക്ഷ്യം. നിലവറയിലെ നിരവധി നിലകള്‍ക്ക് സമാനമായ താഴ്ച്ചയില്‍ വലിയൊരു വിള്ളല്‍ സൃഷ്ടിക്കുകയും അംബരചുംബികളുടെ ഏറ്റവും മുകളില്‍ വരെ പുക ഉയരുകയും ചെയ്തു. സ്‌ഫോടനത്തില്‍ ആറു പേര്‍ മരിക്കുകയും 1,000-ത്തില്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നിട്ടും രണ്ട് ഗോപുരങ്ങളും നിലംപതിച്ചില്ല.
107 ആം നിലയിലുള്ള റസ്റ്റോറന്റില്‍ നിന്നും ഒബ്‌സര്‍വേഷന്‍ ഡെക്കില്‍ നിന്നുമുള്ള കാഴ്ചകള്‍ കാണുന്നതിനായി ദിനംപ്രതി പതിനായിരക്കണക്കിന് ആളുകള്‍ ടവര്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. 1975-ല്‍ അസംതൃപ്തനായ ഒരു വാടകക്കാരന്‍ നോര്‍ത്ത് ടവറില്‍ തീവെച്ചപ്പോള്‍ തന്നെ സുരക്ഷയെ കുറിച്ചുള്ള മുറവിളികള്‍ ഉയരാന്‍ തുടങ്ങിയിരുന്നു. അഗ്നിബാധയില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടം സംഭവിക്കുകയും ചെയ്തു. എന്നിട്ടും സുരക്ഷ ശക്തമാക്കാനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചില്ല. 1992 സെപ്തംബറിലും ആക്രമണത്തിനുള്ള ശ്രമമുണ്ടായിരുന്നു.
പക്ഷെ, 2001 സെപ്തംബര്‍ പതിനൊന്നിന്, 3,000 പേരുടെ മരണത്തിന് ഇടയാക്കിക്കൊണ്ട് റാഞ്ചിയെടുത്ത വിമാനങ്ങള്‍ ഗോപുരങ്ങളിലേക്ക് ഇടിച്ചുകയറ്റിയ തീവ്രവാദികള്‍ വീണ്ടും ആക്രമണം നടത്തി. ഇതില്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരു ടവറുകളും തകര്‍ന്നു. സെപ്റ്റംബര്‍ 11 ആക്രമണത്തെക്കുറിച്ച് നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പുറത്ത് വന്നു. പശ്ചിമേഷ്യയില്‍ അധിനിവേശം നടത്താനായി അമേരിക്ക തന്നെ സൃഷ്ടിച്ചതാണ് ഈ ഭീകരാക്രമണം എന്നതാണ് ഈ സിദ്ധാന്തങ്ങളില്‍ ഒന്ന്.