സമാധാന കരാറിന്‌ ആദ്യ തിരിച്ചടി: സര്‍ക്കാറിന് കീഴിലുള്ള താലിബാന്‍ തടവുകാരെ മോചിപ്പിക്കില്ലെന്ന് അഫ്ഗാന്‍ പ്രസിഡന്റ്

അഫ്‌ഗാൻ ജയിലുകളിലുള്ള താലിബാൻകാരെ മോചിപ്പിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കില്ലെന്നായിരുന്നു അഫ്‌ഗാൻ പ്രസിഡന്റിന്റെ പ്രതികരണം.

Update: 2020-03-02 01:17 GMT

അഫ്ഗാന്‍ സമാധാനകരാറില്‍ പറയുന്നത് പോലെ, അഫ്ഗാന്‍ സര്‍ക്കാറിന് കീഴിലുള്ള താലിബാന്‍ തടവുകാരെ മോചിപ്പിക്കില്ലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി. പതിനായിരം താലിബാന്‍ തടവുകാരാണ് അഫ്ഗാനിസ്ഥാന്റെ കസ്റ്റഡിയിലുള്ളത്. ഇതില്‍ 5000 പേരെ മോചിപ്പിക്കണമെന്നാണ് കരാറില്‍ പറയുന്നത്.

ഇതോടെ അമേരിക്കയും താലിബാനുമായി ശനിയാഴ്‌ച ഒപ്പിട്ട സമാധാനക്കരാറിന്‌ ആദ്യ തിരിച്ചടിയായിരിക്കുകയാണ് അഫ്‌ഗാൻ പ്രസിഡന്റ്‌ അഷ്‌റഫ്‌ ഗനിയുടെ പ്രസ്താവന. അഫ്‌ഗാൻ ജയിലുകളിലുള്ള താലിബാൻകാരെ മോചിപ്പിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കില്ലെന്നായിരുന്നു അഫ്‌ഗാൻ പ്രസിഡന്റിന്റെ പ്രതികരണം.

Advertising
Advertising

തടവുകാരെ മോചിപ്പിക്കുന്നതിൽ തീരുമാനമെടുക്കേണ്ടത്‌ സർക്കാരാണ്‌. അമേരിക്ക ഇത്തരം വാഗ്‌ദാനങ്ങൾ മുന്നോട്ടുവയ്ക്കാൻ പാടില്ലായിരുന്നുവെന്ന്‌ ഗനി പറഞ്ഞു. അതേസമയം, 14 മാസത്തിനകം അഫ്‌ഗാനിസ്ഥാനിൽനിന്ന്‌ സേനയെ പിൻവലിക്കാനുള്ള തീരുമാനം താലിബാന്റെ തീവ്രവാദവിരുദ്ധ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുമെന്നും അഫ്‌ഗാനുമായുള്ള ചർച്ചകൾക്ക്‌ പ്രസക്തിയില്ലെന്നും അമേരിക്ക പ്രതികരിച്ചു.

അഫ്‍ഗാനില്‍ തടവില്‍ കഴിയുന്നവരെ മോചിപ്പിക്കുമെന്ന് കരാറില്‍ അമേരിക്ക–താലിബാന്‍ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. 5000 ൽപ്പരം താലിബാൻകാരെയും താലിബാൻ തടവിലാക്കിയിട്ടുള്ള ആയിരത്തോളം അഫ്‌ഗാൻ സൈനികരെയും പരസ്പരം കൈമാറുമെന്നാണ്‌ കരാറില്‍ പറയുന്നത്. മാര്‍ച്ച് 10-നുമുമ്പ് തടവുകാരുടെ കൈമാറ്റം നടക്കണമെന്നും കരാറില്‍ പറയുന്നു. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഒന്നരവർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിലായിരുന്നു കരാർ ഒപ്പുവെക്കൽ.

Tags:    

Similar News