സൂപ്പര്‍ ചൊവ്വയില്‍ ജോ ബൈഡന്‍ മുന്നില്‍
ഡോണള്‍ഡ് ട്രംപിനെ നേരിടുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ആരെന്ന തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്.
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയെ കണ്ടെത്തുന്ന സൂപ്പര്‍ ചൊവ്വ മത്സരത്തില്‍ ജോ ബൈഡന് മുന്നേറ്റം. വോട്ടെടുപ്പ് നടന്ന 14 സംസ്ഥാനങ്ങളില്‍ 10 ഇടങ്ങളിലും ജോ ബൈഡനാണ് വിജയിച്ചത്. ബേണി സാന്‍ഡേഴ്സിന് നാലിടങ്ങില്‍ മാത്രമാണ് ജയിക്കാനായത്.
നവംബറില്‍ നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ എതിരിടാന്‍ ഏറ്റവും സാധ്യതയുള്ള വ്യക്തിയായി ജോ ബൈഡന്‍ മാറുകയാണ്. നേരത്തെ നടന്ന അയോവ കോക്കസിലും ന്യൂഹാംഷെയര്‍ പ്രൈമറിയിലും മൂന്നാം സ്ഥാനത്തായിരുന്ന ജോ ബൈഡന്‍ സൂപ്പര്‍ റ്റ്യൂസ്‍ഡേയില്‍ വന്‍തിരിച്ചുവരവാണ് നടത്തിയത്.
നോര്‍ത്ത് കരോലിനയിലും വിര്‍ജീനിയയിലും നേടിയ വലിയ വിജയം ജോ ബൈഡന് പ്രതീക്ഷ നല്‍കുന്നു. ആഫ്രിക്കന്‍ - അമേരിക്കന്‍ വംശജര്‍ക്കിടയില്‍ ജോ ബൈഡന് വലിയ സ്വീകാര്യത ലഭിച്ചു. സ്വന്തം സംസ്ഥാനമായ വെര്‍മണ്ടിന് പുറമെ കാലിഫോണിയ, കൊളറാഡോ, യൂറ്റ എന്നിവിടങ്ങളിലാണ് ബേണി സാന്‍ഡേഴ്സ് വിജയിച്ചത്. നേരത്തെ നടന്ന പ്രൈമറിയില്‍ ഒന്നാം സ്ഥാനത്ത് ബേണി സാന്‍ഡേഴ്സായിരുന്നു. സ്ഥാനാര്‍ഥിത്വത്തിലേക്ക് സോഷ്യലിസ്റ്റ് ആശയക്കാരനായ ബേണിയുടെ സാധ്യത മങ്ങുന്നതാണ് സൂപ്പര്‍ റ്റ്യൂസ്ഡേ ഫലം.
മറ്റ് പ്രമുഖ സ്ഥാനാര്‍ഥികളായ എലിസബത്ത് വാറണ്‍, കോടീശ്വരന്‍ മൈക് ബ്ലൂംബെര്‍ഗ് തുടങ്ങിയ സ്ഥാനാര്‍ഥികള്‍ക്കൊന്നും വിജയിക്കാനായില്ല. പീറ്റ് ബുട്ടിജേജ്, ആമി ക്ലോബ്ഷര്‍ എന്നീ പ്രമുഖ സ്ഥാനാര്‍ഥികള്‍ സൂപ്പര്‍ റ്റ്യൂസ്ഡേക്ക് തൊട്ടു തലേന്ന് മത്സരത്തില്‍ നിന്ന് പിന്മാറി ജോ ബൈഡന് പിന്തുണ നല്‍കിയിരുന്നു. ഇതും ബൈഡന്റെ വിജയം എളുപ്പമാക്കി.