കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ഒരുലക്ഷത്തോട് അടുക്കുന്നു, മരണം 3284
ഇറ്റലിയിലെയും ഇറാനിലെയും മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു
കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3284 ആയി. ഇറ്റലിയിലെയും ഇറാനിലെയും മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു. ഗള്‍ഫ് രാജ്യങ്ങളും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ഒരുലക്ഷത്തോട് അടുക്കുകയാണ്.
ചൈനക്ക് പുറമെ ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് കോവിഡ് 19 നിയന്ത്രണാധീതമായി തുടരുന്നത്. ഇറ്റലിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍10 ദിവസത്തേക്ക് അടച്ചിട്ടു. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ നഗരങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഇറാനിലെ മരണം 107 ആയി. ഒരു മാസക്കാലം ഇറാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. രാജ്യത്തിനുള്ളിലെ യാത്രകള്‍ക്കും ഇറാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
യു.എയിലെ മുസ്‌ലിം പള്ളികൾ നാളെ ജുമുഅ 10 മിനിറ്റിനുള്ളിൽ അവസാനിപ്പിക്കണമെന്ന് നിർദേശം നല്‍കി. യാത്രക്കാരന്‍ കോവിഡ് 19 ബാധിച്ച് മരിച്ചതോടെ ഗ്രാന്‍ഡ് പ്രിന്‍സസ് എന്ന ആഡംബര കപ്പല്‍ യു.എസിലെ കാലിഫോര്‍ണിയ തീരത്ത് പിടിച്ചിട്ടു. കപ്പിലെ 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3500 പേരാണ് കപ്പലില്‍ ഉള്ളത്. കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡിന്റെ പശ്ചാതത്തില്‍ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവെച്ചു. മാര്‍ച്ച് 13ന് ബ്രസല്‍സിലായിരുന്നു ഉച്ചകോടി നിശ്ചയിച്ചിരുന്നത്.