കോവിഡ് 19; കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ
ഇറ്റലിയിലെയും ഇറാനിലെയും മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു
കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3356 ആയി. ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചത് 148 പേരാണ്. ഇറ്റലിയിലെയും ഇറാനിലെയും മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വ്യാഴാഴ്ച മാത്രം കോവിഡ് 19 ബാധിച്ച് ഇറ്റിലിയില്‍ മാത്രം 41 പേരാണ് മരിച്ചത് . ഇതോടെ ചൈനക്ക് പുറമേ കോവിഡ് 19 ബാധിച്ച് കൂടുതല്‍ ആളുകള്‍ മരിച്ച രണ്ടാമത്തെ രാജ്യമായി ഇറ്റലി മാറി. കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. ചൈനക്ക് പുറമെ ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് കോവിഡ് 19 നിയന്ത്രണാതീതമായി തുടരുന്നത്.
ഇറ്റലിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍10 ദിവസത്തേക്ക് അടച്ചിട്ടു. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ നഗരങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.ചൈനയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3013 ആയി ഉയര്‍ന്നു ഇറാനിലെ മരണം 108 ആയി. ഒരു മാസക്കാലം ഇറാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. രാജ്യത്തിനുള്ളിലെ യാത്രകള്‍ക്കും ഇറാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. യു.എ.ഇയിലെ മുസ്‌ലിം പള്ളികൾ നാളെ ജുമുഅ 10 മിനിറ്റിനുള്ളിൽ അവസാനിപ്പിക്കണമെന്ന് നിർദേശം നല്‍കി.
കോവിഡ് 19 ബാധിച്ച് മരിച്ചതോടെ ഗ്രാന്‍ഡ് പ്രിന്‍സസ് എന്ന ആഡംബര കപ്പല്‍ യുഎസിലെ കാലിഫോര്‍ണിയ തീരത്ത് പിടിച്ചിട്ടു.കപ്പിലെ 21 പേര്‍ക്ക് രോഗംസ്ഥിരീകരിച്ചു. 3500 പേരാണ് കപ്പലില്‍ ഉള്ളത്. കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവെച്ചു. മാര്‍ച്ച് 13ന് ബ്രസല്‍സിലായിരുന്നു ഉച്ചകോടി നിശ്ചയിച്ചിരുന്നത്.