കോവിഡിനെ തടയിടാന്‍ രാജ്യത്തെ മുഴുവൻ സ്വകാര്യ ആശുപത്രികളും ദേശസാത്കരിച്ച് സ്‌പെയിൻ

Update: 2020-03-17 13:12 GMT

കോവിഡ് പടര്‍ന്നുപിടിക്കുന്ന സ്പെയിനില്‍ രോഗത്തെ വരുതിയിലാക്കാന്‍ രാജ്യത്തെ എല്ലാ സ്വകാര്യ ആശുപത്രികളും ദേശസാത്കരിച്ചു. സ്പെയിനിലെ പെഡ്രോ സാഞ്ചസ് സര്‍ക്കാരിന് കീഴിലെ ആരോഗ്യ മന്ത്രി സാല്‍വദോര്‍ ഇലയാണ് സ്വകാര്യ ആരോഗ്യ സംവിധാനങ്ങൾ സർക്കാർ നിയന്ത്രണത്തിലാകുമെന്ന കാര്യം പ്രഖ്യാപിച്ചത്. ചൈനക്ക് പുറത്ത് കോവി‍ഡ് ഗുരുതരമായി ബാധിച്ച സ്പെയിനില്‍ ടെസ്റ്റുകളുടെ ചെലവ് സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനം കൈകൊണ്ടത്. നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥികൾ ആരോഗ്യ രംഗത്ത് സഹായവുമായി ഉണ്ടാവണമെന്നും മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികൾ ഉടൻ സർക്കാരുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.

Advertising
Advertising

സ്പെയിനില്‍ കോവിഡ് വൈറസ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സ്ക്കൂളുകളും കോളജുകളും അടക്കുകയും പൊതു പരിപാടികള്‍ നിരോധിക്കുകയും ചെയ്ത സര്‍ക്കാര്‍ ഭക്ഷണത്തിനും മരുന്നുകള്‍ക്കുമല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ലാ ലിഗ അടക്കം രാജ്യത്തെ എല്ലാ കായിക മത്സരങ്ങളും നിർത്തിവെക്കുകയും ചെയ്തു. സ്പെയിനില്‍ നിലവില്‍ 9,191 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. 309 പേര്‍ മരണപ്പെട്ടതായാണ് തിങ്കളാഴ്ച്ച വരെ ലഭിക്കുന്ന കണക്കുകള്‍.

Tags:    

Similar News