ഇറ്റാലിയൻ തെരുവിൽ നിന്നുയരുന്ന ഗാനങ്ങൾ, ഏകാന്തതയിലെ ക്രിയാത്മകത: ക്വാറന്റൈനിൽ കഴിയുന്ന ഗർഭിണിയായ യുവതിക്ക് പറയാനുള്ളത്

പ്രയാസകരമായ ഈയൊരു സാഹചര്യത്തിലും ഇറ്റാലിയൻ ജനത വീടുകളിലും താമസസ്ഥലങ്ങളിലും ഇരുന്നുകൊണ്ട് ക്രിയാത്മകമായാണ് ഈ ദുരിതകാലത്തെ നേടുന്നത്.

Update: 2020-03-18 06:27 GMT
വാലന്റിന

കൊറോണ വൈറസ് എന്ന മഹാമാരി ഏറ്റവും കൂടുതൽ ദുരന്തം വിതച്ച രണ്ടാമത്തെ രാജ്യമാണ് ഇറ്റലി. ഒന്നരക്കോടിയിലേറെ ആളുകളാണ് മുൻകരുതലെന്നോണം അവിടെ ക്വാറന്റൈനിൽ ഉള്ളത്. പ്രശസ്തമായ നഗരങ്ങളിലും തെരുവുകളിലുമൊക്കെ ശ്മശാന മൂകത. കൂടാതെ, രാജ്യമെമ്പാടുമുള്ള ആളുകൾ നിയന്ത്രിത നടപടികളിൽ വീട്ടിൽ തന്നെ കഴിയുകയാണ്. ചുരുക്കം ചില പലചരക്കുകടകളും മരുന്ന് കടകളും ഒഴികെ മറ്റെല്ലാ കടകളും തന്നെ അടഞ്ഞു കിടക്കുകയാണെന്ന് ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. ചെറുതും വലുതുമായ എല്ലാ തരത്തിലുള്ള പൊതുപരിപാടികളും കൂടിച്ചേരലുകളും ഒക്കെ നിർത്തി വെച്ചിരിക്കുകയാണ്.

Advertising
Advertising

പ്രയാസകരമായ ഈയൊരു സാഹചര്യത്തിലും ഇറ്റാലിയൻ ജനത വീടുകളിലും താമസസ്ഥലങ്ങളിലും ഇരുന്നുകൊണ്ട് ക്രിയാത്മകമായാണ് ഈ ദുരിതകാലത്തെ നേടുന്നത്. ഇറ്റാലിയൻ പൗരന്മാരുടെ വീടുകളിൽ ഉയരുന്ന സംഗീതവും മറ്റും നാപോളി, സിയേന തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള കാഴ്ചകളിൽ കാണാം. ഒരുപക്ഷേ, കോവിഡ് 19 മഹാമാരിയുടെ ഭീതിയിൽ കഴിയുന്ന ലോകജനതക്ക് മാതൃക തന്നെയാവുകയാണ് ഇറ്റലിക്കാർ.

ഇറ്റലിയുടെ തലസ്ഥാന നഗരമായ റോമിൽ സ്വയം തടവിൽ കഴിയുന്ന വാലന്റിന എന്ന യുവതി, വിജനമായ തെരുവിന്റെ പശ്ചാത്തലത്തിൽ മുഴങ്ങുന്ന സംഗീതം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയുണ്ടായി. സിയേന സ്വദേശിനിയായ വാലന്റിനക്ക് കുടുംബത്തെ കാണാനോ വീട്ടിലേക്കു പോകാനോ അനുമതിയില്ല. എന്നാൽ, അതിന്റെ വിഷാദമല്ല, കൊറോണ കാലത്തെ അതിജീവനത്തിന്റെ ആത്മവിശ്വാസമാണ് ബ്രിട്ടീഷ് മാധ്യമമായ യൂണിലാഡിനു നൽകിയ അഭിമുഖത്തിൽ അവർ പങ്കുവെക്കുന്നത്.

താൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച 'കാന്റോ ഡെല്ല വെർബന' എന്ന ഗാനത്തെക്കുറിച്ചും ഇറ്റലിയിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും വാലന്റിനെ പറയുന്നതിങ്ങനെ:

"പ്രാചീനകാലത്ത് ഒരു മന്ത്രം പോലെ ആലപിച്ചിരുന്ന ഒരു നഗര ഗാനമാണ് 'കാന്റോ ഡെല്ല വെർബന.' ഈ ഗാനം കേൾക്കുമ്പോളൊക്കെ ഞാൻ രോമാഞ്ച പുളകിതയാകുന്നു. ഞങ്ങളുടെ ചെറിയ നഗരത്തെക്കുറിച്ച് ഞങ്ങൾ എത്രമാത്രം അഭിമാനിക്കുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാം.

എതിരാളികളെ പരിഹസിക്കുന്നതിനോ കളിയാക്കുന്നതിനോ വേണ്ടിയാണ് ആളുകൾ ഈ മന്ത്രത്തിലെ വരികൾ ഉരുവിടാറുള്ളത്. ഇപ്പോൾ കോവിഡ് 19-നെതിരെ ഐക്യത്തോടെ പ്രതിരോധിക്കാനും ജനങ്ങളിത് ഉപയോഗിക്കുന്നു. ഇത് എല്ലാവരിലും കൂടുതൽ ആവേശം പകരുകയും മാനവികതയുടെ പാഠം നൽകുകയും ചെയ്യുന്നു."

മാർച്ച് 12 ന് വീഡിയോ പങ്കുവെച്ചതിനു ശേഷം വാലന്റി ഉറങ്ങാൻ കിടക്കുമ്പോൾ നൂറിൽപ്പരം ആളുകളേ അത് ലൈക്ക് ചെയ്തിരുന്നുള്ളൂ. എന്നാൽ, ഉണർന്നപ്പോഴേക്കും 35,000 ലൈക്കുകളിലേക്ക് അതുയർന്നു. ഒന്നരക്കോടിയിലേറെ പേർ വീഡിയോ കണ്ടുകഴിഞ്ഞു.

"ലോകമെമ്പാടുമുള്ള ഇത്രയധികം പേർ എൻറെ നഗരത്തെയും ഇറ്റലിയെയും സ്‌നേഹിക്കുന്നുവെന്ന് അറിയാൻ ഇന്ന് എനിക്ക് അവസരം ലഭിച്ചു. ഈ കൊറോണ കാലത്ത് പോലും ആളുകൾ പറയുത്, ഇതെല്ലാം കഴിയുമ്പോൾ ഞങ്ങൾ സിയീനയിലേക്ക് വരാൻ ആഗ്രഹിക്കുന്നു എന്നാണ്."

- ഇറ്റാലിയൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിൽ ജിയോളജിസ്റ്റായി ജോലി ചെയ്യുന്ന വാലന്റിനയുടെ വാക്കുകൾ.

"പരിഭ്രാന്തരാകരുത് എന്നതാണ് എന്റെ ആദ്യത്തെ ഉപദേശം. അതോടൊപ്പം തന്നെ പ്രശ്‌നത്തെ നിസ്സാരമായി കാണുകയുമരുത്. കഴിഞ്ഞ ദിവസങ്ങളിൽ ലോകാരോഗ്യ സംഘടന നിഷ്‌കർഷിച്ച ശുചിത്വ ബോധം പാലിക്കുക. എത്രതന്നെ സുരക്ഷിതരാണെന്ന ബോധ്യമുണ്ടെങ്കിലും എല്ലായ്‌പ്പോഴും കൈകഴുകുന്നുവെന്ന് ഉറപ്പാക്കുക, മറ്റുള്ളവരുമായി സുരക്ഷാ അകലം പാലിക്കാൻ ശ്രമിക്കുക. തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക. ജലദോഷവും ശരീരതാപവും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറുടെ വിദഗ്‌ധോപദേശം തേടുക. ഈ നിയമങ്ങൾ പാലിക്കുന്നതിലൂടെ, എല്ലാവരും വീട്ടിനുള്ളിൽ അടച്ചിരിക്കുന്ന അവസ്ഥ ഒഴിവാക്കാൻ കഴിയും."

വീട്ടിനുള്ളിൽ അടച്ചിരിക്കേണ്ട അവസ്ഥ വരികയാണെങ്കിൽ അത് ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും വാലന്റഇന പറയുന്നു. "അടച്ചുകഴിയേണ്ട അവസ്ഥവരികയാണെങ്കിൽ, ഒഴിവുസമയത്തിന്റെ മൂല്യം ഉപയോഗപ്പെടുത്തുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്തുക. പ്രകൃതിയുടെ മുന്നിൽ മനുഷ്യർ അജയ്യരല്ലെന്ന കാര്യം ഓർക്കാൻ പ്രേരിപ്പിച്ച ഈ ലോകത്തെ കൂടുതൽ അടുത്തറിയുക."

'പ്രായം, ലിംഗഭേദം, വംശീയത എന്നിവ കണക്കിലെടുക്കാതെ ഒരു റൊമാന്റിക് / ട്രാജിക് നായകനായി വൈറസിനെ കാണുക. ഇത് ഭയപ്പെടുത്തുന്നതാണ്, അതേ സമയം ഇത് നമ്മെ കുറേ കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്തു. ഭാവിയെപ്പറ്റിയുള്ള അനിശ്ചിതത്വമുണ്ടായിട്ടും ഇത് നമുക്ക് ചിന്തിക്കാനുള്ള അവസരമാണ് നൽകിയത്. എല്ലാ തിന്മകളും നിങ്ങളെ വേദനിപ്പിക്കാൻ വരുന്ന തല്ല. എല്ലാം നല്ലതിനാവട്ടെ...'

- വാലന്റിന പറഞ്ഞുനിർത്തുന്നു.

Tags:    

Similar News