കേരളത്തേക്കാള്‍ ജനസംഖ്യയുള്ള കാലിഫോര്‍ണിയയില്‍ എല്ലാവരും വീട്ടുതടങ്കലില്‍

ഇതുവരെ 699 കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും വൈറസ് പകരുന്നത് തടഞ്ഞില്ലെങ്കില്‍ എട്ട് ആഴ്ച്ചക്കുള്ളില്‍ 2.5 കോടി പേരിലേക്ക് വൈറസ് പകരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അസാധാരണ നടപടി...

Update: 2020-03-20 14:27 GMT

അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോര്‍ണിയ പൂര്‍ണ്ണമായും വീട്ടു തടങ്കലില്‍. ജനങ്ങള്‍ ആരും വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ഉത്തരവിട്ടു. കോവിഡ് 19 പകര്‍ച്ചവ്യാധിയെ തുടര്‍ന്നാണ് നടപടി.

അവസാന 24 മണിക്കൂറില്‍ 126 പുതിയ കോവിഡ് 19 കേസുകളാണ് കാലിഫോര്‍ണിയയില്‍ മാത്രം റിപ്പോര്‍ട്ടു ചെയ്തത്. മുന്‍ ദിവസത്തേക്കാള്‍ 21ശതമാനത്തിന്റെ വര്‍ധനവാണിത്. എല്ലാ നാല് ദിവസം കൂടും തോറും കാലിഫോര്‍ണിയയുടെ പലഭാഗങ്ങളിലും നാലിരട്ടിയോളം കോവിഡ് 19 രോഗം പകരുന്നുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു.

Advertising
Advertising

നിലവിലെ നിരക്കില്‍ രോഗം പകരുകയാണെങ്കില്‍ എട്ട് ആഴ്ച്ചക്കുള്ളില്‍ 25.5 കോടി പേര്‍ക്ക് കൊറോണ വൈറസ് ബാധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന് അയച്ച കത്തില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് കാലിഫോര്‍ണിയയില്‍ കടുത്ത നടപടിയെടുത്തിരിക്കുന്നത്. കേരളത്തേക്കാള്‍ ജനസംഖ്യയുള്ള അമേരിക്കന്‍ സംസ്ഥാനമാണ് 3.96 കോടി ജനങ്ങളുള്ള കാലിഫോര്‍ണിയ.

വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് ജനങ്ങള്‍ക്ക് കാലിഫോര്‍ണിയ ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശം. സംസ്ഥാനത്തെ റെസ്‌റ്റോറന്റുകളും ബാറുകളും ക്ലബുകളും ജിമ്മുകളും അടച്ചിടാനും ഉത്തരവുണ്ട്. പൊതുപരിപാടികളും കൂടിച്ചേരലുകളും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം മെഡിക്കല്‍ ഷോപ്പുകളും അത്യാവശ്യ ഭക്ഷണ സാധനങ്ങള്‍ വാങ്ങാനുള്ള കടകളും ബാങ്കുകളും നിബന്ധനകളോടെ പ്രവര്‍ത്തിക്കും. ഭക്ഷണം പാഴ്‌സല്‍ മാത്രം നല്‍കുന്ന കടകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്.

Tags:    

Similar News