കോവിഡ് 19: മരണത്തില്‍ ഇറ്റലി ചൈനയെ മറികടന്നു
ഇറ്റലിയില്‍ വ്യാഴാഴ്ച്ച മാത്രം 427 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. ഇതോടെ ഇറ്റലിയിലെ ആകെ മരണസംഖ്യ 3405 ആയി. ചൈനയില്‍ ഇതുവരെ 3245 പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.
കോവിഡ് 19 ബാധിച്ചുള്ള മരണസംഖ്യയില്‍ ഇറ്റലി ചൈനയെ മറികടന്നു. നാടകീയമായ നീക്കത്തിനൊടുവില്‍ കൊറോണ വൈറസ് ബാധ തടയുന്നതിന് കാലിഫോര്‍ണ്ണിയയെ പൂര്‍ണ്ണമായും അടച്ചിടാന്‍ അമേരിക്ക തീരുമാനിച്ചു. കേരളത്തേക്കാള്‍ കൂടുതല്‍ ജനസംഖ്യയുള്ള(3.9 കോടി) അമേരിക്കന്‍ സംസ്ഥാനമാണ് കാലിഫോര്‍ണിയ.
കൊറോണ വൈറസിനെതിരായ മരുന്ന് കണ്ടുപിടിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. അതേസമയം യഥാര്‍ഥത്തില്‍ എത്രത്തോളം ഭീതിതമാണ് കാര്യങ്ങളെന്ന് ലോകത്തെ ചൈന അറിയിച്ചില്ലെന്ന് ട്രംപ് കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് കാലിഫോര്‍ണിയ. ഇവിടുത്തെ ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് ഗവര്‍ണ്ണര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
അതേസമയം തുടര്‍ച്ചയായി രണ്ടാം ദിവസവും ചൈനയില്‍ പുതുതായി കോവിഡ് 19 ബാധ സ്ഥിരീകരിച്ചില്ല. ചൈനയില്‍ നിന്നും കൊറോണ വൈറസ് പിന്മാറുമ്പോള്‍ തന്നെ ഇറ്റലി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും മറ്റു ലോകരാജ്യങ്ങളും കൊറോണ ഭീതിയിലാണ്. ഇറ്റലിയില്‍ വ്യാഴാഴ്ച്ച മാത്രം 427 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. ഇതോടെ ഇറ്റലിയിലെ ആകെ മരണസംഖ്യ 3405 ആയി. ചൈനയില്‍ ഇതുവരെ 3245 പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.
കഴിഞ്ഞ 24മണിക്കൂറിനിടെ 108 പേരാണ് ഫ്രാന്‍സില്‍ മരിച്ചത്. ഇതോടെ ഫ്രാന്‍സിലെ മരണസംഖ്യ 372 ആയി. ലോകമാകെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 9800 കവിഞ്ഞിട്ടുണ്ട്.