പരിശോധിച്ച ഡോക്ടര്‍ക്ക് കോവിഡ് 19; ആംഗല മെര്‍ക്കല്‍ നിരീക്ഷണത്തില്‍
വസതിയില്‍ ഇരുന്നുകൊണ്ട് ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാനാണ് ജര്‍മ്മന്‍ ചാന്‍സലറുടെ തീരുമാനം...
ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മര്‍ക്കല്‍ വസതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനം. ആംഗല മെര്‍ക്കലിനെ പരിശോധിച്ച ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് മുന്‍കരുതല്‍ നടപടി. വസതിയില്‍ ഇരുന്നുകൊണ്ട് ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാനാണ് നിലവിലെ തീരുമാനം.
കഴിഞ്ഞ വെള്ളിയാഴ്ച്ച ന്യുമോണിയക്കെതിരെ ആംഗല മെര്‍ക്കലിന് വാക്‌സിന്‍ എടുത്തിരുന്നു. ഈ വാക്‌സിന്‍ എടുക്കാന്‍ വന്ന ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് വസതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനമെടുത്തതെന്ന് ജര്‍മ്മന്‍ ചാന്‍സലറുടെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
കൊറോണ വൈറസ് വലിയ തോതില്‍ നാശം വിതച്ച് പടര്‍ന്നുപിടിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് ജര്‍മ്മനി. ഇതുവരെ 23000ത്തിലേറെ ജര്‍മ്മന്‍കാര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാല കണക്കുകള്‍ പ്രകാരം 92 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ട് പേരില്‍ കൂടുതല്‍ പേര്‍ രണ്ട് ആഴ്ച്ചത്തേക്ക് പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുന്നത് ജര്‍മ്മനി നിരോധിച്ചിരിക്കുകയാണ്.
കോവിഡ് 19 സ്ഥിരീകരിച്ച ബ്രസീലിയന്‍ പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറിയുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേയും കോവിഡ് 19 പരിശോധന നടത്തിയിരുന്നു. ട്രംപിന് രോഗമില്ലെന്ന ഫലമാണ് വന്നിരിക്കുന്നത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനും ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സോനാരോയ്ക്കും രോഗമില്ലെന്ന ഫലം പുറത്തുവന്നിരുന്നു. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.