ചൈന വുഹാനിലെ നിയന്ത്രണങ്ങള്‍ കുറക്കുന്നു, പുതിയ തലവേദനയായി കൊറോണയുടെ രണ്ടാം വരവ്

രണ്ട് മാസത്തിന് ശേഷമാണ് വുഹാന്‍ ഉള്‍പ്പെടുന്ന ഹുബെയ് പ്രവിശ്യയിലെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നത്. അതേസമയം ചൈനീസ് മാധ്യമങ്ങള്‍ കൊറോണയുടെ രണ്ടാം വരവിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്...

Update: 2020-03-24 11:49 GMT

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാന്‍ ഉള്‍പ്പെടുന്ന മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നു. രണ്ട് മാസം നീണ്ട ലോക്ഡൗണിന് ശേഷമാണ് ഹുബെയ് പ്രവിശ്യയിലെ ജനങ്ങള്‍ പുറംലോകത്തേക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ഭാഗീകമായെങ്കിലും എത്തുന്നത്. ഇതിനിടെ വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവരും ഒറ്റപ്പെട്ട കോവിഡ് 19 രോഗങ്ങളും രാജ്യത്ത് കൊറോണ വൈറസിന്റെ രണ്ടാം വരവിന് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് രാത്രി മുതല്‍ ഹുബെയ് പ്രവിശ്യയിലുള്ള ആരോഗ്യവാന്മാരെന്ന് രേഖകളുള്ളവര്‍ക്ക് പുറത്തേക്ക് പോകാന്‍ അനുമതി ലഭിക്കും. അതേസമയം കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ ഏപ്രില്‍ എട്ടിനായിരിക്കും ഇളവുകള്‍ വരുത്തുക. ബ്രിട്ടന്‍, ന്യൂസിലന്റ്, യൂറോപ്യന്‍ രാജ്യങ്ങള്‍, പശ്ചിമേഷ്യ വടക്കന്‍ അമേരിക്കയിലേയും ഏഷ്യയിലേയും രാജ്യങ്ങള്‍ തുടങ്ങി ലോകത്തിന്റെ പലഭാഗത്തും ലോക്ഡൗണ്‍ നടപടികള്‍ വേഗത്തിലാക്കുമ്പോഴാണ് ചൈന നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നുവെന്ന ശുഭകരമായ സന്ദേശം വരുന്നത്.

Advertising
Advertising

ये भी पà¥�ें- ഇന്ത്യയില്‍ എത്ര വേഗത്തില്‍ കൊറോണ വൈറസ് പടരും? സര്‍ക്കാര്‍ ഏജന്‍സിയുടെ കണക്കുകള്‍ ഇങ്ങനെ

കോവിഡ് 19 രോഗം വരാതിരിക്കാനും നിയന്ത്രിക്കാനുമുള്ള നടപടികള്‍ കര്‍ശനമായി തന്നെ തുടരുമെന്ന് ചൈനീസ് ദേശീയ ഹെല്‍ത്ത് കമ്മീഷന്‍ വക്താവ് മി ഫെങ് അറിയിച്ചു. അതേസമയം കാര്യമായ ലക്ഷണങ്ങളില്ലാത്തവരെ ചൈന പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന വിമര്‍ശം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇത് ജനങ്ങളുടെ സഞ്ചാരവിലക്ക് എടുത്തുകളയുന്നതോടെ വീണ്ടുമൊരു കൊറോണ ഭീതിക്ക് കാരണമാകുമെന്നതാണ് ആശങ്ക.

ചൊവ്വാഴ്ച്ച ചൈനയില്‍ ആകെ 78 കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇതില്‍ ഭൂരിഭാഗവും വിദേശത്തു നിന്നും ചൈനയിലെത്തിയവരായിരുന്നു. അതേസമയം വുഹാനില്‍ ഒരാഴ്ച്ചക്ക് ശേഷം ഒരു പുതിയ കോവിഡ് 19 കേസ് കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുള്‍പ്പടെ നാല് കേസുകളാണ് ചൈനയില്‍ ആഭ്യന്തരമായി ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത്.

ये भी पà¥�ें- വസൂരിയേയും പോളിയോയേയും തുരത്തിയ ഇന്ത്യക്ക് കൊറോണയേയും തോല്‍പിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന

മാര്‍ച്ചില്‍ രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതല്‍ വിദേശത്തു നിന്നെത്തിയ കൊറോണ ബാധിതരെ(74) ചൊവ്വാഴ്ച്ചയാണ് രേഖപ്പെടുത്തിയതെന്നതും ആശങ്കയാണ്. ചൈനീസ് മാധ്യമങ്ങള്‍ കൊറോണ വൈറസിന്റെ രണ്ടാം വരവിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ ആദ്യ പേജിലെ പ്രധാന വാര്‍ത്ത തന്നെ ക്വാറന്റെയ്ന്‍ കൂടുതല്‍ ശക്തമാക്കിയില്ലെങ്കില്‍ കൊറോണ വൈറസിന്റെ രണ്ടാം വരവ് തടയുക അസാധ്യമാണെന്നായിരുന്നു.

Tags:    

Similar News