കോവിഡ് ബാധയില്‍ ലോകത്ത് മരണം 16000 കടന്നു; ഇറ്റലിയില്‍ മാത്രം മരിച്ചത് 6000ത്തിലധികം പേര്‍
രോഗബാധിതരുടെ എണ്ണം മൂന്നരലക്ഷം കവിഞ്ഞു; ബ്രിട്ടണ്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ലോക്ഡൌണ്‍.
കോവിഡ് 19 ബാധിച്ച് മരണം 16,491 ആയി. ഇറ്റലിയിലാണ് സ്ഥിതി അതീവ ദയനീയം. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 601 പേര്‍ മരിച്ചു. ഇറ്റലിക്ക് സമാനമാസ സാഹചര്യത്തിലേക്കാണ് സ്പെയിനും എത്തുന്നത്.
സ്പെയിനില്‍ 24 മണിക്കൂറിനിടെ 539 പേര്‍ മരിച്ചു. സ്പെയിനില്‍ ആകെ മരണം 2311 ആയി. ഇറാനും അമേരിക്കയും ജര്‍മനിയുമാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റു രാജ്യങ്ങള്‍.
അതേസമയം ചൈനയില്‍ പുതുതായി മരണം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയ കേസുകളും ചൈനയിലില്ല. ലോകത്താകെ മൂന്നര ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കോവിഡ് 19 ഭീതിയില്‍ കടുത്ത നിയന്ത്രണങ്ങളുമായി ലോകരാജ്യങ്ങള്‍. ബ്രിട്ടണ്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചു. മഹാമാരി കൂടുതല്‍ വ്യാപിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു.
ആളുകള്‍ പുറത്തിറങ്ങാതെ നോക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ സ്വീകരിക്കുകയാണ് എല്ലാ രാജ്യങ്ങളും. ബ്രിട്ടണില്‍ മൂന്നാഴ്ച ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു. ആളുകള്‍ തടിച്ച് കൂടുന്നത് ഒഴിവാക്കാന്‍ പൊലീസിന് പ്രത്യേക അധികാരം നല്‍കി. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ഫ്രാന്‍സില്‍ ലോക്ക് ഡൌണ്‍ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ്. പൊതുസ്ഥലങ്ങളിലെ കച്ചവടങ്ങള്‍ ഉള്‍പ്പെടെ നിയന്ത്രിക്കും. സൈപ്രസും ഏപ്രില്‍ 13 വരെ അടച്ചു. കോവിഡുമായുള്ള യുദ്ധമാണ് നടക്കുന്നതെന്ന് സൈപ്രസ് പ്രസിഡണ്ട് പറഞ്ഞു.
ഡച്ച് സര്‍ക്കാര്‍ പൊതു സംഗമങ്ങള്‍ ജൂണ്‍ ഒന്ന് വരെ വിലക്കി. സൌത്ത് ആഫ്രിക്ക 21 ദിവസത്തേക്ക് അടച്ചിട്ടു. സുഡാനില്‍ പത്ത് മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ചെക്ക് റിപ്പബ്ലിക് വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി. ജോര്‍ദാനിലും കര്‍ഫ്യൂ ദീര്‍ഘിപ്പിച്ചു. പാകിസ്താനില്‍ സൈന്യത്തിന്റെ സഹായത്തോടെ നിയന്ത്രണം കര്‍ശനമാക്കും.
ബ്രിട്ടണ്‍ സുപ്രീംകോടതി പ്രവര്‍ത്തിക്കുന്നത് വീഡിയോ കോണ്‍ഫറന്‍സിലൂടെയാക്കി. യാത്രയിലുള്ള പൌരന്മാര്‍ എത്രയും വേഗം തിരികെ വീട്ടില്‍ പോകണമെന്ന് ബ്രിട്ടണ്‍ നിര്‍ദേശിച്ചു. യുഎസ് സൈന്യം ന്യൂയോര്‍ക്കില്‍ ഫീല്‍ഡ് ആശുപത്രികള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു.
ആഗോളതലത്തില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു.