കോവിഡ് 19 ഉയര്‍ത്തുന്ന ഭീഷണിക്ക് ഉടന്‍ പരിഹാരമാകുമെന്ന് നൊബേല്‍ ജേതാവ് മൈക്കേല്‍ ലെവിറ്റ്
കൊറോണ വൈറസ് ചൈനയിൽ വിതയ്ക്കാവുന്ന നാശനഷ്ടം സംബന്ധിച്ച് ഏറെക്കുറെ കൃത്യമായ പ്രവചനം നടത്തിയ വ്യക്തിയെന്ന നിലയിലാണ് ലെവിറ്റിൻറെ പ്രവചനം ശ്രദ്ധേയമാകുന്നത്
നെഞ്ചിടിപ്പ് കൂട്ടി കൊവിഡ് വ്യാപനത്തിന്റെ തോത് അനുനിമിഷം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊറോണയെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. എന്നാല്‍ ഓരോ നിമിഷവും കേള്‍ക്കുന്ന വാര്‍ത്തകള്‍ ഒട്ടു ആശാവഹമല്ല. ഇതിനിടയില്‍ ലോകത്തിന് ആശ്വാസം നല്‍കുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് നൊബേല്‍ സമ്മാന ജേതാവ് മൈക്കേല്‍ ലെവിറ്റ്.എല്ലാവരും ഭയപ്പെടുന്നത് പോലെ കൊറോണ നാശം വിതയ്ക്കില്ലെന്നും അധികം വൈകാതെ ആശങ്കകൾക്ക് പരിഹാരമാകുമെന്നുമാണ് നൊബേൽ ജേതാവും സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ബയോഫിസിസ്റ്റുമായ മൈക്കേല്‍ ലെവിറ്റ് പറയുന്നത്. കൊറോണ വൈറസ് ചൈനയിൽ വിതയ്ക്കാവുന്ന നാശനഷ്ടം സംബന്ധിച്ച് ഏറെക്കുറെ കൃത്യമായ പ്രവചനം നടത്തിയ വ്യക്തിയെന്ന നിലയിലാണ് ലെവിറ്റിന്റെ പ്രവചനം ശ്രദ്ധേയമാകുന്നത്. ലോകത്തെ സംബന്ധിച്ചിടത്തോളം ആശങ്കയുടെ സമയം പിന്നിട്ടെന്നാണ് കരുതുന്നതെന്നും എന്നാൽ ലോകരാഷ്ട്രങ്ങൾ നിലവിൽ കൈക്കൊണ്ടിട്ടുള്ള മുൻകരുതലുകൾ തുടരേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിൽ കൊറോണ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആരോഗ്യ രംഗത്തെ വിദഗ്ധർ പോലും കൃത്യമായ ഒരു പ്രവചനത്തിന് തയ്യാറാകാതിരുന്ന ഘട്ടത്തിലാണ് ലെവിറ്റ് ഇതുസംബന്ധിച്ച തൻറെ നിഗമനങ്ങൾ പുറത്തുവിട്ടത്. ജനുവരി മാസം റിപ്പോർട്ട് ചെയ്ത കണക്കുകൾ പരിശോധിച്ച ശേഷം ഫെബ്രുവരി ആദ്യവാരത്തിലായിരുന്നു ലെവിറ്റ് തന്റെ നിഗമനത്തെക്കുറിച്ച് പറഞ്ഞത്. പ്രതിദിനം പുറത്തുവരുന്ന പുതിയ രോഗികളും എണ്ണത്തിൽ കാര്യമായ കുറവു കാണുന്നുണ്ടെന്നും അതുകൊണ്ടു തന്നെ വരുന്ന ഒരാഴ്ചക്കുള്ളിൽ തന്നെ മരണനിരക്കിൽ കുറവു വരുമെന്നുമാണ് അദ്ദേഹം പ്രവചിച്ചത്. ചൈനയിൽ ആകെ ഏതാണ്ട് 80,000 ആളുകളെ കൊവിഡ് പിടികൂടുമെന്നും ഏതാണ്ട് 3,250 മരണങ്ങൾ സംഭവിക്കുമെന്നും ലെവിറ്റ് പറഞ്ഞിരുന്നു. ദശലക്ഷകണക്കിനു പേരെ രോഗം പിടികൂടുമെന്ന് ആരോഗ്യ വിദഗ്ധരും ഭരണകൂടവും ആശങ്കപ്പെട്ടിരുന്ന ഘട്ടമായിരുന്നു അത്. ഇതുവരെ ലഭ്യമായ അവസാന കണക്കുകൾ അനുസരിച്ച് 3,277 മരണങ്ങളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 81,171 പേരാണ് കൊവിഡ് ഉള്ളതായി കണ്ടെത്തിയിട്ടുള്ളത്.
കൊവിഡ് ബാധയുടെ തോത് കുറയുമെന്നാണ് ലെവിറ്റിന്റെ പ്രവചനം. പ്രതിദിനം അമ്പതിലേറെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 78 രാജ്യങ്ങളുടെ വിവരങ്ങൾ പരിശോധിക്കുമ്പോൾ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ പ്രകടമാണെന്ന് ലെവിറ്റ് പറയുന്നു. ഒരു രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണമല്ല, മറിച്ച് പുതിയ കേസുകളുടെ അടിസ്ഥാനത്തിലാണ് ലെവിറ്റ് പ്രവിച്ചിരിക്കുന്നത്. പരിശോധനകൾ കൃത്യമല്ലാത്തതിനാൽ പല രാജ്യങ്ങളിലെയും കണക്കുകളിൽ കൃത്യത കുറവാകാനുള്ള സാധ്യതകൾ കൂടുതലാണെങ്കിലും പതുക്കെയുള്ള തിരിച്ചുവരവിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പുതിയ തരം വൈറസായതിനാലും പ്രതിരോധ മരുന്ന് ഇനിയും പുറത്തുവന്നിട്ടില്ലാത്തതിനാലും കോവിഡിന്റെ കാര്യത്തിൽ നിലവില്‍ സ്വീകരിച്ചിരിക്കുന്ന പ്രതിരോധങ്ങള്‍ തുടരേണ്ടതാണ്. അതുകൊണ്ട് തന്നെ സാമൂഹ്യ അകലം പാലിച്ച് ഒത്തുകൂടലുകൾ ഒഴിവാക്കേണ്ടത് അനിവാര്യമാണെന്നും ലെവിറ്റ് മുന്നറിയിപ്പ് നൽകി.
2013ൽ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വ്യക്തിയാണ് ലെവിറ്റ്. കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹം കേരളം സന്ദര്‍ശിച്ചിരുന്നു. കേരള സര്‍വകശാലയില്‍ നടന്ന പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം സര്‍ക്കാരിന്റെ അതിഥിയായി കേരളത്തിലെത്തിയത്.