ആറ് ദിവസം കുടിച്ചാല്‍ കോവിഡ് മാറും; ഹെര്‍ബല്‍ ടീ തട്ടിപ്പില്‍ വഞ്ചിതരാകരുതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍
ചൈനീസ് പാരമ്പര്യ ചികിത്സ വിദഗ്ധനും തെറാപ്പിസ്റ്റുമായ ഗുവോജിയാന്‍ ഹുവാങ്ങാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്
കോവിഡ് 19നെ പ്രതിരോധിക്കുമെന്ന അവകാശവാദവുമായി എത്തിയ ഹെര്‍ബല്‍ ടീയുടെ തട്ടിപ്പില്‍ ആരും വീണുപോകരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധര്‍.
കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍(സിബിസി)രഹസ്യ ക്യാമറ ഉപയോഗിച്ച് ഈയിടെ നടത്തിയ അന്വേഷണത്തിലാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഹെര്‍ബല്‍ ടീയെന്നു അവകാശപ്പെട്ട് വിന്നിപെഗ് അക്യുപങ്ചര്‍ ചികിത്സ കച്ചവടം നടത്തുന്ന കാര്യം പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് കനേഡിയന്‍ പൗരന്മാര്‍ക്ക് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്.
ചൈനീസ് പാരമ്പര്യ ചികിത്സ വിദഗ്ധനും തെറാപ്പിസ്റ്റുമായ ഗുവോജിയാന്‍ ഹുവാങ്ങാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. ആറു ഔഷധക്കൂട്ടുകള്‍ അടങ്ങിയ ചായ ആറു ദിവസം കുടിച്ചാല്‍ കോവിഡില്‍നിന്ന് രക്ഷനേടാം എന്നായിരുന്നു അവകാശവാദം. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള ഇ-മെയില്‍ കാനഡയിലെങ്ങും വ്യാപകമായി പ്രചരിച്ചിരുന്നു. കോവിഡ് 19 ഇവിടെയെത്തിയിരിക്കുന്നു. അതുകൊണ്ട് കോവിഡിനെ പ്രതിരോധിക്കാന്‍ ഹെര്‍ബല്‍ ചായയും. ഇപ്പോള്‍ തന്നെ നിങ്ങളുടെ വൈറസ് പ്രതിരോധ ചായ ഓര്‍ഡര്‍ ചെയ്യൂ എന്നായിരുന്നു മെയിലിലെ സന്ദേശം. മാര്‍ച്ച് 18നാണ് പലര്‍ക്കും മെയില്‍ ലഭിച്ചത്. പിന്നാലെ ഫേസ്ബുക്കിലും ഇതേ കുറിപ്പ് പ്രത്യക്ഷപ്പെട്ടു.
ഹെര്‍ബല്‍ ടീ വാങ്ങാനെന്ന വ്യാജേന സിബിസി റിപ്പോര്‍ട്ടര്‍ ഹുവാങിന്റെ ക്ലിനിക് സന്ദര്‍ശിച്ചപ്പോള്‍ ആറ് ദിവസത്തെ ചികിത്സക്ക് 60 ഡോളറാണ് ആവശ്യപ്പെട്ടത്. ഹെര്‍ബല്‍ ടീ കുടിച്ച വുഹാനിലെ എല്ലാവരും സുരക്ഷിതരാണെന്നും അവരുടെ രോഗം ഭേദമായതായും ഹുവാങ് റിപ്പോര്‍ട്ടറോട് പറഞ്ഞു.രണ്ട് ദിവസത്തിനുള്ളില്‍ നൂറിലധികം ഹെര്‍ബല്‍ ടീ പാക്കറ്റുകള്‍ വിറ്റുപോയെന്നാണ് ഹുവാങിന്റെ അവകാശവാദം. വാങ്ക്വര്‍, ടൊര്‍നാഡോ എന്നിവിടങ്ങളില്‍ നിന്നുള്ള ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ചാണ് ടീ ഉണ്ടാക്കിയതെന്നാണ് ഹുവാങ് പറയുന്നത്.
അതിരുകടന്ന പ്രവൃത്തിയെന്നാണ് ഗുവോജിയാനിന്റെ അവകാശവാദത്തെക്കുറിച്ച് ചൈനീസ് മെഡിസിന്‍ ആന്‍ഡ് അക്യുപങ്ചര്‍ അസോസിയേഷന്‍ ഓഫ് കാനഡ പ്രസിഡന്റ് സെഡ്രിക് ചിയൂങ് അഭിപ്രായപ്പെട്ടത്. രോഗികള്‍ ഉള്‍പ്പെടെ ജനങ്ങളെ വഴിതെറ്റിക്കുന്ന ഒരു പ്രസ്താവന നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കാനോ ചികിത്സിക്കാനോ ഏതെങ്കിലും മരുന്നിന് അംഗീകാരം നല്‍കിയിട്ടില്ലെന്ന് കാനഡയിലെ ആരോഗ്യ വകുപ്പും വ്യക്തമാക്കി. അംഗീകൃതമല്ലാത്ത ആരോഗ്യസംരക്ഷണ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും കോവിഡിനെ പ്രതിരോധിക്കാമെന്നോ ചികിത്സിക്കാമെന്നോഅവകാശവാദങ്ങളിലൂടെ ആളുകളെ വഴിതെറ്റിക്കുന്നതും കാനഡയില്‍ നിയമപരമായി വിലക്കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു. ഇത്തരം ദുഷ്പ്രചരണങ്ങളെ ഗൌരവമായി കാണുന്നതായും കര്‍ശന നടപടി സ്വീകരിക്കുമെന്നും വകുപ്പ് അറിയിച്ചു.