സോഷ്യല്‍മീഡിയയുടെ കണ്ണ് നിറച്ച ആ കോവിഡ് ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ് | Fact Check
ഇന്തോനേഷ്യന്‍ ഡോക്ടര്‍ ഹാദിയോ അലി ഖസാറ്റ്സിന്‍ അവസാനമായി തന്‍റെ ഗര്‍ഭിണിയായ ഭാര്യയെയും മക്കളെയും കാണാന്‍ എത്തിയതാണെന്ന തലക്കെട്ടോടു കൂടിയാണ് ഈ ചിത്രം പ്രചരിക്കുന്നത്
കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. റോട്ടില്‍ നിന്ന് മാസ്ക് ധരിച്ച് വീട്ടിനകത്തേക്ക് നോക്കുന്ന ഒരാളുടെ ചിത്രം. കോവിഡ് 19 രോഗികളെ ചികിത്സിച്ച് സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ഇന്തോനേഷ്യന്‍ ഡോക്ടര്‍ ഹാദിയോ അലി ഖസാറ്റ്സിന്‍ അവസാനമായി തന്‍റെ ഗര്‍ഭിണിയായ ഭാര്യയെയും മക്കളെയും കാണാന്‍ എത്തിയതാണെന്ന തലക്കെട്ടോടു കൂടിയാണ് ഈ ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. കൊറോണ കാലത്തെ വാട്സ്ആപ്പ് മാമന്മാര്‍ പ്രചരിപ്പിക്കുന്ന മറ്റൊരു വ്യാജ വാര്‍ത്ത.
ഈ ചിത്രം എന്നെ കരയിപ്പിക്കുന്നു. ഇന്തോനേഷ്യയില്‍ കോവിഡ് 19 രോഗികളെ ചികിത്സിച്ച് രോഗം വന്ന് മരണമടഞ്ഞ ഡോ. ഹാദിയോ അലിയുടെ അവസാന ഫോട്ടോയാണ് ഇത്. ഇത് അയാളുടെ അവസാനത്തെ വരവായിരുന്നു. മക്കളെയും ഗര്‍ഭിണിയായ ഭാര്യയെയും ഗേറ്റിന് പുറത്ത് നിന്ന് അവസാനമായി ഒരു നോക്കു കാണാനുള്ള വരവ്. ഈ യുദ്ധത്തില്‍ നാം തോറ്റുകൂട. ഇവര്‍ക്കായി നമുക്ക് വീട്ടിലിരിക്കാം. ഡോ. പൂജ ത്രിപാതി ട്വിറ്ററില്‍ ഈ ചിത്രം പങ്കുവെച്ച് കുറിച്ചു. എന്നാല്‍ ഈ ചിത്രത്തിന്‍റെ വസ്തുതയറിയാതെയാണ് ഇതുപോലെ ആയിരങ്ങള്‍ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നതെന്ന് ബൂം ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റിവേഴ്സ് ഇമേജ് സെര്‍ച്ചിലൂടെ ഈ ഫോട്ടോ ഒരു മലേഷ്യന്‍ ഡോക്ടറുടേതാണെന്നും, കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കുന്നത് കാണിക്കുന്നതിനായി എടുത്ത ഫോട്ടോയാണെന്നും തെളിഞ്ഞു. ഈ ചിത്രത്തന്‍റെ റിവേഴ്സ് സെര്‍ച്ചിലൂടെയാണ് സത്യാവസ്ത മനസിലായത്. അത് മാര്‍ച്ച് 21ന് ഇത് ഷെയര്‍ ചെയ്ത മലേഷ്യയിലെ അഹ്മദ് എഫന്‍റി സൈനലുദ്ദീന്‍ എന്നയാളിലേക്ക് എത്തിച്ചു. ആ ചിത്രത്തില്‍ കാണുന്ന ഡോക്ടര്‍ മലേഷ്യയിലെത്തന്നെ ഡോക്ടറായ തന്‍റെ കസിന്‍ ആണെന്ന് ഇതിലൂടെ മനസിലാക്കാനിടയായി.