10 നില കെട്ടിടത്തിന്റെ ഉയരം, മൂന്ന് ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ ചേരുന്ന വലിപ്പം; അമേരിക്കന്‍ നാവിക സേനയുടെ ചലിക്കുന്ന ആശുപത്രി
ലോകമെമ്പാടും ദുരുതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ള യു.എസ്.എന്‍.എസ് കംഫര്‍ട്ട് ന്യൂയോര്‍ക്കില്‍ ഒടുവില്‍ എത്തിയത് സെപ്തംബര്‍ 11 ഭീകരാക്രമണ സമയത്താണ്
കോവിഡ് ബാധയില്‍ ന്യൂയോര്‍ക്കിലെ ആശുപത്രികള്‍ നിറഞ്ഞുകവിയവേ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി അമേരിക്കന്‍ നാവിക സേനയുടെ ചലിക്കുന്ന ആശുപത്രിയായ യു.എസ്.എന്‍.എസ് കംഫര്‍ട്ട് ന്യൂയോര്‍ക്ക് തീരത്ത് എത്തി. 1000 പേരെ കിടത്തി ചികിത്സിക്കാന്‍ സൌകര്യമുള്ള ഈ കപ്പലില്‍ കോവിഡ് രോഗികളൊഴികെയുള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കും.
ലോകമെമ്പാടും ദുരുതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ള യു.എസ്.എന്‍.എസ് കംഫര്‍ട്ട് ന്യൂയോര്‍ക്കില്‍ ഒടുവില്‍ എത്തിയത് സെപ്തംബര്‍ 11 ഭീകരാക്രമണ സമയത്താണ്. കോവിഡ് ബാധിതരെക്കൊണ്ട് ന്യൂയോര്‍ക്കിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞ സാഹചര്യത്തില്‍ മറ്റ് രോഗബാധിതര്‍ക്ക് യു.എസ്.എന്‍.എസ് ആശ്രയമാകും. ഒരു ഭീമന്‍ എണ്ണക്കപ്പലിനെ രൂപമാറ്റം വരുത്തിയാണ് ഈ ചലിക്കുന്ന ആശുപത്രിയാക്കി മാറ്റിയത്. സാന്‍ഡിയാഗോയിലെ കപ്പല്‍ നിര്‍മാതാക്കളില്‍ നിന്ന് 1987ല്‍ അമേരിക്കന്‍ സൈന്യം രണ്ട് എണ്ണക്കപ്പലുകള്‍ വാങ്ങി. കംഫര്‍ട്ടിന്റെ സഹോദരിയായ യുഎസ്എന്‍സ് മേര്‍സിയെ പടിഞ്ഞാറന്‍ തീരത്താണ് വിന്യസിച്ചിരിക്കുന്നത്.
10 നില കെട്ടിടത്തിന്റെ ഉയരവും മൂന്ന് ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ ചേരുന്ന വലിപ്പവും ഉളള കപ്പലിന്റെ പരമാവധി വേഗത മണിക്കൂറില്‍ 32.35 കിലോമീറ്ററാണ്. 2000 പേരെ വഹിക്കാനുള്ള ശേഷിയുമുണ്ട്. എക്സ്റേ , സിടി സ്കാന്‍ സംവിധാനങ്ങള്‍, ഓക്സിജന്‍ പ്ലാന്റ്, 5000 യൂണിറ്റ് രക്തം ശീതീകരിക്കാനുള്ള സംവിധാനം, ലാബ് മുതലായവ ഈ കപ്പലിലുണ്ട്. ജലശുദ്ധീകരണ സംവിധാനം ഉപയോഗിച്ച് ഒരു ദിനം മുന്ന് ലക്ഷം ഗാലന്‍ ശുദ്ധജലവും ഉല്‍പാദിപ്പിക്കും. കപ്പലില്‍ ഇതുവരെ 8700 രോഗികളെ പരിചരിച്ചിട്ടുണ്ട്. 2100 തവണ ഹെലികോപ്ടറുകള്‍ ലാന്‍ഡ‍് ചെയിതിട്ടുണ്ട്. 337 ശസ്ത്രക്രീയകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ എത്തുന്നതിന് മുമ്പായി യു.എസ്.എന്‍.എസ് കംഫര്‍ട്ടിന് വിര്‍ജിനീയയിലെ നോര്‍ട്ഫ്ലിക്കില്‍ അറ്റകുറ്റപ്പണികള്‍ ഉണ്ടായിരുന്നു. ആഴ്ചകള്‍ വേണ്ടിയിരുന്ന അറ്റകുറ്റപ്പണി അമേരിക്കന്‍ സേനയിലെ എന്‍ജിനീയര്‍മാര്‍ എട്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കി.