കോവിഡ് 19; മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഏപ്രില്‍ 4ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച് ചൈന
അന്നേ ദിവസം ചൈനയില്‍ പൊതുവിനോദ പരിപാടികളെല്ലാം നിര്‍ത്തിവയ്ക്കുമെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
നാശം വിതച്ച കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായവരെ ഓര്‍മിച്ച് ചൈന ഏപ്രില്‍ 4ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. വൈറസിനെക്കുറിച്ച് ആദ്യം സൂചന നല്‍കിയ ഡോ. വെന്‍ലിയാംഗിനെയും ഈ സന്ദര്‍ഭത്തില്‍ സ്മരിക്കും. അന്നേ ദിവസം ചൈനയില്‍ പൊതുവിനോദ പരിപാടികളെല്ലാം നിര്‍ത്തിവയ്ക്കുമെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദുഃഖാചരണത്തിന്റെ അന്ന് രാജ്യത്തുടനീളവും വിദേശത്തുള്ള ചൈനീസ് എംബസികളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് എന്ന മഹാവ്യാധി ലോകമാകെ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. പ്രഭവ കേന്ദ്രമായ ചൈനയില്‍ 3,300 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ആരോഗ്യരംഗത്തുള്ള 3,000 പേര്‍ക്ക് രോഗം പിടിപെട്ടിരുന്നതായി ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാരടക്കം 10 ആരോഗ്യപ്രവര്‍ത്തകരാണ് രോഗം ബാധിച്ച് മരിച്ചത്. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട ചൈനയുടെ കണക്കുകള്‍ കൃത്യമല്ലെന്ന് അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം ലോകത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കഴിഞ്ഞിരിക്കുകയാണ്. മരണസംഖ്യ അരലക്ഷവും പിന്നിട്ടു.ഫ്രാന്‍സില്‍ ആയിരത്തിലധികം ആളുകളാണ് 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ച് മരിച്ചത്.കോവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇറ്റലിയില്‍ മരണ സംഖ്യ പതിമൂവായിരം കടന്നു. 13915പേരാണ് ഇതുവരെ ഇറ്റലിയില്‍ രോഗം ബാധിച്ച് മരിച്ചത്. സ്പെയിന്‍, യു.കെ എന്നീ രാജ്യങ്ങളിലും മരണസംഖ്യ ദിനംപ്രതി ഉയരുകയാണ്. സ്പെയ്നില്‍ മരണ സംഖ്യ പതിനായിരം കടന്നു . രണ്ട് ലക്ഷത്തി പന്ത്രണ്ടായിരത്തിലധികം ആളുകള്‍ ഇതുവരെ കോവിഡ് രോഗത്തില്‍ നിന്നും മുക്തരായി.