യൂറോപ്പില്‍ നിന്നും ആശ്വാസവാര്‍ത്ത; ഇറ്റലിയിലും സ്പെയിനിലും മരണനിരക്കില്‍ കുറവ് രേഖപ്പെടുത്തി
ഇറ്റലിയില്‍ ഞായറാഴ്ച 525 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്
കോവിഡ് 19 ഏറ്റവും കൂടുതല്‍ നാശം വിതച്ച യൂറോപ്യന്‍ രാജ്യങ്ങളാണ് ഇറ്റലിയും സ്പെയിനും. 24 മണിക്കൂറിനുള്ളില്‍ ആയിരത്തിനോടടുത്ത് മരണങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്ത ദിവസങ്ങള്‍ ഇരുരാജ്യങ്ങളിലുമുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഇവിടെ നിന്നും ചെറിയൊരു ആശ്വാസവാര്‍ത്തയെത്തിയിരിക്കുകയാണ്. ഇറ്റലിയിലും സ്പെയിനിലും പ്രതിദിന മരണനിരക്കില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്.
ഇറ്റലിയില്‍ ഞായറാഴ്ച 525 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏറ്റവും കുറവ് മരണനിരക്ക് രേഖപ്പെടുത്തിയ ദിവസമായിരുന്നു ഇന്നലെ.ഇതുവരെ 15,877 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിലും തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികളുടെ എണ്ണത്തിലും കുറവുള്ളതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കഴിഞ്ഞ നാലാഴ്ചകളിലായി ലോക് ഡൌണിലാണ് രാജ്യം.
സ്പെയിനില്‍ 674 പേരാണ് ഞായറാഴ്ച കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചത്. മാര്‍ച്ച് ആദ്യം മുതലുള്ള കണക്ക് പരിശോധിച്ചാല്‍ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. ശനിയാഴ്ച 809 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 11,744 പേരാണ് സ്പെയിനില്‍ വൈറസ് ബാധിച്ച് മരണമടഞ്ഞത്. പ്രതീക്ഷയോടെയാണ് സ്പാനിഷ് അധികൃതര്‍ മരണനിരക്ക് കുറയുന്നതിനെ കാണുന്നത്.
വ്യാഴാഴ്ചയാണ് സ്പെയിനിലെ മരണസംഖ്യ പതിനായിരം കടന്നത്.സ്പാനിഷ് അധികൃതരുടെ കണക്കനുസരിച്ച്, ഇപ്പോൾ 124,736 കോവിഡ് കേസുകളുണ്ട്, എന്നാൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകളുടെ എണ്ണവും കുറഞ്ഞതായാണ് അധികൃതര്‍ പറയുന്നത്.