ലോക് ഡൌണ്‍ കാലത്ത് കുട്ടികള്‍ക്ക് പിറന്നാളാഘോഷത്തിന് സഹായമൊരുക്കി പെന്‍സില്‍വാനിയ അഗ്നിശമനസേന
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പെന്‍സില്‍വാനിയ അടക്കമുള്ള സ്ഥലങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്
ലോക് ഡൌണ്‍ കാലം കുട്ടികളെയും കൂടിയാണ് മോശമായി ബാധിക്കുന്നത്. പുറത്തിറങ്ങാന്‍ സാധിക്കാത്തത് മൂലം വീടിനുള്ളില്‍ തന്നെ അടച്ചിരിക്കേണ്ട അവസ്ഥയാണ്. പാര്‍ക്കുകള്‍, മറ്റ് കളിസ്ഥലങ്ങള്‍, പിറന്നാളാഘോഷങ്ങള്‍..ഇങ്ങിനെ പലതും കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നുണ്ട്. ഇത്തരത്തില്‍ ആഘോഷങ്ങള്‍ നഷ്ടമായ കുട്ടികള്‍ക്ക് പിറന്നാളാഘോഷിക്കാനായി സഹായമൊരുക്കുകയാണ് അമേരിക്കയിലെ പെന്‍സില്‍വാനിയയിലുള്ള അഗ്നിശമനസേനാ വിഭാഗം.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പെന്‍സില്‍വാനിയ അടക്കമുള്ള സ്ഥലങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒരു പിറന്നാളാഘോഷമെന്നത് വിദൂരമാണ്. ഈ സന്ദര്‍ഭത്തിലാണ് വളരെ ലളിതമായ ആശയവുമായി അഗ്നിശമന സേനാ വിഭാഗം രംഗത്ത് വന്നത്.
ജന്മദിനാശംസകൾ അറിയിക്കാൻ അഗ്നിശമന വിഭാഗം സൈറണ്‍ വിളികളുമായി തെരുവിലൂടെ പോകാമെന്ന് വാഗ്ദാനം നൽകി മുന്നോട്ട് വന്നിട്ടുണ്ടെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ പിറന്നാള്‍ ദിനം അറിയിക്കണമെന്നാവശ്യപ്പെട്ട് ഫൊണിക്സ് വളണ്ടിയര്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Seeking children within Hollidaysburg Borough that are having a birthday soon.... we know you can not have a birthday...
Posted by Phoenix Volunteer Fire Dept. Station 10 on Wednesday, April 1, 2020
"ഞങ്ങള്‍ വരുന്ന സമയം നിങ്ങളെ അറിയിക്കും. അപ്പോള്‍ പിറന്നാളുകാരനെയോ, പിറന്നാളുകാരിയെയോ വീടിന്റെ മുന്നിലോ, ജനാലക്കരികിലോ നിര്‍ത്തണം.അവരുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം" കുറിപ്പില്‍ പറയുന്നു.
കൊറോണ വൈറസിനെതിരെ ലോകമെങ്ങും പോരാടിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 12 ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. 69,000 പേര്‍ മരിക്കുകയും ചെയ്തു.