പ്രധാനമന്ത്രി ഐ.സി.യുവില്‍, ബ്രിട്ടീഷ് പത്രങ്ങളുടെ ഒന്നാം പേജ് ഇങ്ങനെ
കോവിഡ് ബാധയെ തുടര്‍ന്ന് പ്രധാനമന്ത്രിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടി വന്നതിന്റെ ഞെട്ടലാണ് പ്രധാനമായും ബ്രിട്ടീഷ് മാധ്യമങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്...
കോവിഡ് 19 രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെ രാത്രി എട്ടരയോടെയാണ് ബോറിസ് ജോണ്‍സണെ ഐ.സി.യുവിലേക്ക് മാറ്റിയത്. പ്രധാനമന്ത്രി ഐ.സി.യുവിലായ വാര്‍ത്തയാണ് ചൊവ്വാഴ്ച്ച ഇറങ്ങിയ ബ്രിട്ടീഷ് പത്രങ്ങളുടെ ഒന്നാം പേജില്‍ നിറയെ.
മുന്‍കരുതലെന്ന നിലയിലാണ് ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്നാണ് ദ മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന ലണ്ടന്‍ മേയര്‍ സാദിക് ഖാന്റെ വാക്കുകളും മെട്രോ നല്‍കിയിട്ടുണ്ട്.
ये à¤à¥€ पà¥�ें- കോവിഡിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആരോഗ്യനില ഗുരുതരം; ബോറിസ് ജോണ്‍സണെ ഐസിയുവിലേക്ക് മാറ്റി
ഒന്നാം പേജ് മുഴുവനായും ബോറിസ് ജോണ്‍സന്റെ വാര്‍ത്തയാണുള്ളത്. പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം അദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രിയുടെ ചിത്രവും ദ മെട്രോ നല്‍കിയിട്ടുണ്ട്.
സാധാരണ തീവ്രപരിചരണ വിഭാഗത്തിലെ രോഗികളേക്കാള്‍ കുറഞ്ഞ പ്രശ്‌നങ്ങളേ പ്രധാനമന്ത്രിക്കുള്ളൂ എന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ആശുപത്രിയിലെ ഒരു ഡോക്ടറെ ഉദ്ധരിച്ച് ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ നില വഷളായെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് ഒരു മന്ത്രി പറഞ്ഞതായും പത്രത്തിന്റെ പ്രധാന വാര്‍ത്തിയിലുണ്ട്.
വെന്റിലേറ്ററിന്റെ ആവശ്യം വരികയാണെങ്കില്‍ ഒരു മുന്‍കരുതലെന്ന നിലയിലാണ് അതിനോട് ചേര്‍ന്ന തീവ്ര പരിചരണ വിഭാഗത്തിലേക്ക് പ്രധാനമന്ത്രിയെ മാറ്റിയതെന്നാണ് ദ ഡെയ്‌ലി ടെലഗ്രാഫിന്റെ റിപ്പോര്‍ട്ട്. പ്രധാന വാര്‍ത്ത ബോറിസ് ജോണ്‍സന്റേതാണെങ്കിലും മറ്റു കോവിഡ് വാര്‍ത്തകള്‍ക്കുകൂടി ഡെയ്‌ലി ടെലഗ്രാഫ് ഒന്നാം പേജില്‍ ഇടം നല്‍കിയിട്ടുണ്ട്.
ടാബ്ലോയിഡ് ശൈലിയില്‍ വലിയൊരു ചിത്രവും തലക്കെട്ടുമായാണ് ദ സണ്ണും ഡെയ്‌ലി മിററും ഇറങ്ങിയിരിക്കുന്നത്.
പ്രധാനമന്ത്രി ജീവനുവേണ്ടി പോരാടുകയാണെന്നാണ് ഡെയ്ലി മിററിന്റെ വാര്‍ത്തയില്‍ പറയുന്നത്. വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് സര്‍ക്കാരിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ടെന്നും ഡെയ്‌ലി മിറര്‍ പറയുന്നു.
ബ്രിട്ടനിലെ മറ്റൊരു പ്രധാന പത്രമായ ഡെയ്‌ലി മെയില്‍ പ്രധാനമന്ത്രിയെ തീവ്ര പരിചരണ വിഭാഗത്തിലാക്കിയ വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. റാബ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ചുമതല ഏറ്റെടുത്ത വിവരവും ഡെയ്‌ലി മെയില്‍ പങ്കുവെക്കുന്നു.