കോവിഡിന്റെ രണ്ടാംഘട്ടം മുന്നില്‍ കണ്ട് ചൈനയില്‍ കനത്ത ജാഗ്രത
വുഹാനിലടക്കം പുതിയ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കോവിഡിന്റെ രണ്ടാം വ്യാപനം മുന്നില്‍ കണ്ട് വീണ്ടും ജാഗ്രത ശക്തമാക്കി ചൈന. വുഹാനിലടക്കം പുതിയ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ശക്തമായ നിരീക്ഷണത്തിലൂടെ രോഗവ്യാപനം തടയാനാകുമെന്ന പ്രതീക്ഷയിലാണ് ചൈനീസ് ആരോഗ്യമന്ത്രാലയം.
കോവിഡ് 19 രണ്ടാമതും ശക്തമായേക്കാം എന്ന മുന്നറിയിപ്പ് ലഭിച്ചത് മുതല്‍ അതീവ ജാഗ്രതയിലാണ് ചൈന മുന്നോട്ട് പോകുന്നത്. രോഗത്തിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലടക്കം ജനജീവിതം സാധാരണ നിലയിലേക്ക് പതിയെ എത്തിയിരുന്നെങ്കിലും രാജ്യത്ത് വീണ്ടും നിരീക്ഷണം ശക്തമാക്കുകയാണ്. ഇന്നലെ മാത്രം രണ്ട് മരണങ്ങളാണ് രാജ്യത്ത് ഉണ്ടായത്. കൂടാതെ 63 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ രോഗം സ്ഥിരീകരിച്ച 61 പേരും വിദേശത്ത് നിന്ന് എത്തിയവരാണന്നാണ് ചൈനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
ഏപ്രില്‍ ഒന്നിന് ശേഷം രാജ്യത്തെ 17 പ്രവിശ്യകളിലായി പ്രകടമായ ലക്ഷണങ്ങളില്ലെങ്കില്‍ പോലും ഇതുവരെ 280 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിയത്. കൂടാതെ അതിര്‍ത്തികളിലും എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലുമടക്കം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രോഗം വീണ്ടും ശക്തമാകാന്‍ സാധ്യയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരും കനത്ത ജാഗ്രതയിലാണ്.
ജാഗ്രത നിലനില്‍ക്കുന്നതിനിടയിലും നിയന്ത്രണങ്ങളില്‍ ഇളവുണ്ടായതിനെ തുടര്‍ന്ന് രാജ്യത്തെ പൊതുഗതാഗത സംവിധാനമടക്കം കഴിഞ്ഞദിവസം പഴയ നിലയിലേക്ക് എത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതും ജനങ്ങള്‍ പുറത്തിറങ്ങി തുടങ്ങിയതും ചൈനീസ് ജനതക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.