ആമസോണ്‍ മഴക്കാടുകളില്‍ കഴിയുന്ന ഗോത്രവിഭാഗത്തിലും കൊവിഡ് മരണം; 15 കാരന്‍ മരിച്ചു

ആമസോൺ മഴക്കാടുകളില്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ഗോത്രവിഭാഗമാണ് യാനോമാമി

Update: 2020-04-11 08:07 GMT

ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളില്‍ താമസിക്കുന്ന ഗോത്രവിഭാഗത്തില്‍ ആദ്യത്തെ കോവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്തു. പതിനഞ്ചുകാരനാണ് മരിച്ചതെന്ന് ബ്രസീല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആമസോൺ മഴക്കാടുകളില്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ഗോത്രവിഭാഗമാണ് യാനോമാമി. യുരാരിക്കോര നഗരത്തിന് സമീപമുള്ള റഹീബ് ഗ്രാമത്തില്‍ താമസിക്കുന്ന അല്‍വെനെയ് സിരിസാന്‍ എന്ന പതിനഞ്ചുകാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് ഏപ്രില്‍ 3നാണ് റൊറൈമ സ്റ്റേറ്റിന്റെ തലസ്ഥാനമായ ബോ വിസ്റ്റയിലുള്ള റൊറൈമ ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രി അധികൃതര്‍ മരണകാരണം വെളിപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advertising
Advertising

പതിനഞ്ചുകാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നതായി ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഇന്ന് യാനോമാമിയില്‍ ഒരു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അത് വളരെ ആശങ്കയുണ്ടാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഗോത്ര വിഭാഗങ്ങളില്‍പ്പെട്ടവരില്‍ നഗരമേഖലയില്‍ താമസിച്ചിരുന്ന രണ്ട് പേര്‍ ഇതിന് മുന്‍പ് കൊവിഡ് 19 ബാധിച്ച് മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആമസോണ്‍ നദിക്കരയില്‍ കൊളംബിയയ്ക്കും പൊറുവിനും സമീപത്തായി താമസിക്കുന്ന കൊകാമ ഗോത്രത്തിലുള്ളവര്‍ക്ക് രോഗബാധയുള്ളതായാണ് സംശയിക്കുന്നത്. ഇവരെ പരിശോധിക്കുന്ന ഡോക്ടറിന് കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. വടക്കൻ ബ്രസീലിലെയും തെക്കൻ വെനിസ്വേലയിലെയും മഴക്കാടുകളിലും പർവതങ്ങളിലും യനോമമി വിഭാഗക്കാര്‍ താമസിക്കുന്നതെന്ന് സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടന പറയുന്നു.

അനധികൃതമായി തദ്ദേശപ്രദേശത്ത് പ്രവേശിച്ച ഖനിത്തൊഴിലാളികളിലൂടെയാണ് യാനോമാമിയിൽ വൈറസ് പടർന്നതെന്ന് സോഷ്യോ എൻവയോൺമെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐ‌എസ്‌എ) അറിയിച്ചു.

ബ്രസീലില്‍ ഇതുവരെ 18,176 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 957 പേര്‍ വൈറസ് ബാധിച്ച് മരിച്ചതായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാല പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

Tags:    

Similar News