കോവിഡ് മരണം ഒരു ലക്ഷം കഴിഞ്ഞു, രോഗബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക്
5 ലക്ഷത്തില്‍ അധികം ആളുകള്‍ക്കാണ് അമേരിക്കയില്‍ മാത്രം രോഗം ബാധിച്ചത്. ഇന്നലെ രണ്ടായിരത്തിലേറെ പേരാണ് യു.എസില്‍ മരിച്ചത്.
ലോകത്ത് കോവിഡ് മരണം 102500 കടന്നു. രോഗബാധിതരുടെ എണ്ണം 17 ലക്ഷത്തിനടുത്തെത്തി. 5 ലക്ഷത്തില്‍ അധികം ആളുകള്‍ക്കാണ് അമേരിക്കയില്‍ മാത്രം രോഗം ബാധിച്ചത്. ഇന്നലെ രണ്ടായിരത്തിലേറെ പേരാണ് യു.എസില്‍ മരിച്ചത്.
ആഗോള മഹാമാരിയായി മാറിയ കോവിഡ് അമേരിക്ക, സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളെ വരിഞ്ഞ് മുറുക്കുകയാണ്. അമേരിക്കയില്‍ മാത്രം 18,000ലധികം ആളുകള്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം 5 ലക്ഷമായി ഉയര്‍ന്നു. സ്പെയിനില്‍ രോഗബാധിതരുടെ എണ്ണം 150000 കവിഞ്ഞു. 16000 പേര്‍ മരണത്തിന് കീഴടങ്ങി. ഇറ്റലിയിലും സ്ഥിതി വ്യത്യസ്തമല്ല, 147000ത്തില്‍ അധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 18,000മായി ഉയര്‍ന്നത് ആശങ്കകള്‍ക്ക് ആഴം കൂട്ടുകയാണ്. ഫ്രാന്‍സിലും ജര്‍മനിയിലും മരണസംഖ്യ ഉയരുകയാണ്.
ചൈനയില്‍ മരണ സംഖ്യയില്‍ കുറവുണ്ടെങ്കിലും രാജ്യം കനത്ത ജാഗ്രതയിലാണ്. കോവിഡ് ബാധിച്ചവരില്‍ നിന്നെടുത്ത ആന്റിബോഡി ഉപയോഗിച്ചുള്ള ചികിത്സ 100% വിജയമാണെന്ന് ചൈനയില്‍ നിന്നുള്ള പഠനഫലം വ്യക്തമാക്കുന്നു. അതേസമയം കോവിഡ് ബാധിച്ച് ഐ.സി.യുവില്‍ തുടരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.