ഇന്ത്യ 'കോവിഡ് മരുന്ന്' ആദ്യം അയക്കുന്ന രാജ്യങ്ങളില്‍ അമേരിക്കയും ബ്രസീലും; ഇസ്രയേല്‍ പുറത്ത്
അമേരിക്ക, ബ്രസീല്‍, ബഹ്‌റിന്‍, മൗറീഷ്യസ്, സീഷെല്‍സ്, ഡൊമനിക്കന്‍ റിപ്പബ്ലിക്ക്, ജര്‍മനി, സ്‌പെയിന്‍, നേപാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലദ്വീപ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് മരുന്ന് ലഭിക്കുക
ലോകത്തിന്റെ പലഭാഗത്തും കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഇന്ത്യ ആദ്യഘട്ടത്തില്‍ കയറ്റി അയക്കുക 13 രാജ്യങ്ങളിലേക്ക്. അമേരിക്കയും ബ്രസീലും അടക്കമുള്ള രാജ്യങ്ങള്‍ പട്ടികയില്‍ ഇടം നേടിയപ്പോള്‍ മരുന്ന് നല്‍കുന്നതിന് മുന്‍കൂര്‍ നന്ദി പറഞ്ഞ ഇസ്രയേല്‍ പട്ടികയില്‍ നിന്നും പുറത്തായി. ആഗോളതലത്തില്‍ ആവശ്യം കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ഘട്ടംഘട്ടമായാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ രാജ്യങ്ങള്‍ക്ക് നല്‍കുകയെന്നാണ് ഇന്ത്യയുടെ നിലാപാട്.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്ന രാജ്യങ്ങളിലൊന്നായ അമേരിക്കയിലേക്കാണ് കയറ്റുമതിയുടെ 35 ശതമാനം മരുന്നും അയക്കുക. അമേരിക്കയില്‍ ഇതുവരെ 4.63 ലക്ഷത്തിലേറെ പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണം 16000കടക്കുകയും ചെയ്തു. നേരത്തെ ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ ഫോണില്‍വിളിച്ച് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കണമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മരുന്ന് നല്‍കിയില്ലെങ്കില്‍ ഇന്ത്യ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭീഷണിയും ട്രംപ് മുഴക്കി. ഇതിന് പിന്നാലെയാണ് ഹൈഡ്രോക്്‌സി ക്ലോറോക്വിന്റെ കയറ്റുമതി വിലക്കില്‍ ഇളവ് നല്‍കുമെന്ന് ഇന്ത്യ അറിയിച്ചത്.
ये à¤à¥€ पà¥�ें- കോവിഡ് പ്രതിരോധത്തിന്റെ കേരള മാതൃകയെ പ്രശംസിച്ച് വാഷിംങ്ടണ്‍ പോസ്റ്റ്
അമേരിക്കക്കും ബ്രസീലിനും പുറമേ ബഹ്‌റിന്‍, മൗറീഷ്യസ്, സീഷെല്‍സ്, ഡൊമനിക്കന്‍ റിപ്പബ്ലിക്ക്, ജര്‍മ്മനി, സ്‌പെയിന്‍, നേപാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലദ്വീപ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ മരുന്ന് കയറ്റി അയക്കുന്നത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഇന്ത്യ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി നിരോധിച്ചത്. ഈ നിരോധനത്തില്‍ ഇളവു നല്‍കണമെന്ന ലോകരാജ്യങ്ങളുടെ ആവശ്യം പരിഗണിച്ച് ഇന്ത്യ മരുന്ന് കയറ്റി അയക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
ഏതാണ്ട് 48 ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകളാണ് അമേരിക്ക ആവശ്യപ്പെട്ടിട്ടുള്ളത്. ആദ്യം ആവശ്യപ്പെട്ടവര്‍ക്ക് ആദ്യമെന്ന രീതിയിലും കോവിഡ് രോഗത്തിന്റെ രൂക്ഷതയും പരിഗണിച്ചാണ് ഇന്ത്യ മരുന്ന് കയറ്റുമതി ചെയ്യേണ്ട രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. മരുന്നിന്റെ കാര്യത്തില്‍ ആശ്രയിക്കുന്ന അയല്‍രാജ്യങ്ങളെ പരിഗണിക്കുമെന്ന പ്രഖ്യാപനവും ഇന്ത്യ പാലിച്ചിട്ടുണ്ട്.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 3.28 കോടി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് സ്‌റ്റോക്കുണ്ട്. ഇത് രാജ്യത്തിന് ആവശ്യമായതിന്റെ മൂന്നിരട്ടിയാണെന്നാണ് കണക്കാക്കപ്പെടുന്നത്. മലേറിയക്കെതിരെ നല്‍കുന്ന മരുന്നാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍. ഈ മരുന്ന് കോവിഡ് രോഗികള്‍ക്ക് നല്‍കുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ആവശ്യം കുതിച്ചുയര്‍ന്നത്. ഇപ്പോഴും ഈ മരുന്ന് കോവിഡിനെതിരെ ഫലം കാണുന്നുണ്ടെന്ന് ഗവേഷകര്‍ക്ക് തെളിയിക്കാനായിട്ടില്ല.