കോവിഡ് വാക്‌സിന്‍ സെപ്തംബറിനുള്ളില്‍
ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ സമയമെടുക്കുമെന്ന് വിദഗ്ധര്‍ പറയുമ്പോഴാണ് ബ്രിട്ടനില്‍ നിന്നും പ്രതീക്ഷയുടെ വാര്‍ത്തകള്‍ വരുന്നത്...
സെപ്തംബറോടെ കോവിഡ് 19 രോഗത്തെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ മുന്നേറിയ സാറ ഗില്‍ബര്‍ട്ടിനേയും സംഘത്തേയും ഉദ്ധരിച്ച് ദ ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
എട്ട് മാസത്തിനുള്ളില്‍ ലോകം കാത്തിരിക്കുന്ന ആ വാക്‌സിന്‍ യാഥാര്‍ഥ്യമാകുമെന്നാണ് ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ വാക്‌സിനോളജി പ്രൊഫസറായ സാറ ഗില്‍ബര്‍ട്ട് അവകാശപ്പെടുന്നത്. വാക്‌സിന്‍ ഈ സമയമാകുമ്പോഴേക്കും വരുമെന്ന് 80ശതമാനവും ഉറപ്പാണെന്നാണ് സാറ അവകാശപ്പെടുന്നത്. എത്ര വേഗത്തിലാക്കിയാലും ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ സമയമെടുക്കുമെന്ന് പലപ്പോഴും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് സാറ ഗില്‍ബര്‍ട്ടിന്റേയും സംഘത്തിന്റേയും അവകാശവാദങ്ങള്‍ ആശ്വാസമാകുന്നത്.
ये à¤à¥€ पà¥�ें- പഴങ്ങളും പച്ചക്കറികളുമായി വിദേശത്തേക്ക്, തിരിച്ച് വരുമ്പോള്‍ മരുന്ന്; പ്രത്യേക ദൗത്യവുമായി വിമാനകമ്പനികള്‍
ലോകമെങ്ങുമുള്ള ഗവേഷകര്‍ കോവിഡിനെതിരെ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബ്രിട്ടനിലെ വാക്‌സിന്‍ നിര്‍മ്മാണ ശ്രമങ്ങളില്‍ ഏറ്റവും പുരോഗമിച്ചതെന്നാണ് സാറ ഗില്‍ബര്‍ട്ടിന്റെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ ദ ടൈംസ് വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ട് ആഴ്ച്ചക്കുള്ളില്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുമെന്നാണ് സാറ അറിയിച്ചിരിക്കുന്നത്.
പരീക്ഷണം വിജയിച്ചാല്‍ പോലും ലോകത്തിന് ആവശ്യമുള്ളത്രയും അളവില്‍ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ പിന്നെയും മാസങ്ങളെടുക്കുമെന്നതും വെല്ലുവിളിയാണ്. ഇതിനെ മറികടക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. വാക്‌സിന്‍ വിജയിക്കുമെന്ന പ്രതീക്ഷയില്‍ പരീക്ഷണ വേളയില്‍ തന്നെ വലിയ തോതില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുകയാണ് ഈ സമയനഷ്ടം ഒഴിവാക്കാനുള്ള ഒരു മാര്‍ഗ്ഗം. ഇതിനായി ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും പ്രത്യേകം പണം അനുവദിക്കണമെന്ന ആവശ്യവും ഈ ഗവേഷക സംഘം മുന്നോട്ടുവെച്ചിട്ടുണ്ട്. എല്ലാം വിചാരിച്ചപോലെ നടന്നാല്‍ സെപ്തംബറില്‍ ആ ശുഭവാര്‍ത്ത ലോകമറിയുമെന്നാണ് സാറ ഗില്‍ബര്‍ട്ട് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.