കൊറോണ കാലത്ത് പുറത്തിറങ്ങി നടക്കല്ലേ..പ്രേതം പിടിക്കും!!!
ഇന്തോനേഷ്യയിലെ ജാവ ഐലന്റിലുള്ള കോപുഹ് ഗ്രാമത്തിലാണ് രാത്രികാലങ്ങളില്‍ പ്രേതങ്ങളുടേത് പോലെ വസ്ത്രം ധരിച്ചവര്‍ പട്രോളിംഗ് നടത്തുന്നത്
ഈ കൊറോണക്കാലത്ത് പ്രേതങ്ങള്‍ക്കെന്താ കാര്യം എന്ന് ഇന്തോനേഷ്യക്കാരോട് ചോദിച്ചാല്‍ അവര്‍ ഒന്ന് ചിരിക്കും. കാരണം വീട്ടിലിരിക്കാതെ പുറത്ത് കറങ്ങി നടക്കുന്നവരെ ഒന്ന് പേടിപ്പിക്കാന്‍ ഈ പ്രേതങ്ങളെക്കൊണ്ടല്ലാതെ വേറെയാരെക്കൊണ്ടും നടക്കില്ലെന്ന് അവര്‍ക്കറിയാം.
ഇത്തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ രാത്രികളില്‍ കറങ്ങി നടക്കുന്നത് തടയാന്‍ പട്രോളിങ്ങിനായി ഒരു കൂട്ടം പ്രേതങ്ങളെ വിന്യസിപ്പിച്ചിരിക്കുകയാണ് ഒരു ഗ്രാമത്തിലെ അധികൃതര്‍. ഇന്തോനേഷ്യയിലെ ജാവ ഐലന്റിലുള്ള കോപുഹ് ഗ്രാമത്തിലാണ് രാത്രികാലങ്ങളില്‍ പ്രേതങ്ങളുടേത് പോലെ വസ്ത്രം ധരിച്ചവര്‍ പട്രോളിംഗ് നടത്തുന്നത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാത്രികാലങ്ങളില്‍ എങ്ങിനെ ആളുകളെ വീട്ടിലിരുത്താം എന്ന ചിന്തയാണ് ഇത്തരം ഒരു ആശയത്തില്‍ തങ്ങളെ എത്തിച്ചതെന്ന് ഗ്രാമത്തലവന്‍ അഞ്ചാര്‍ പാന്‍കാനിംഗത്യാസ് പറഞ്ഞു. തുടര്‍ന്നാണ് ഇന്തോനേഷ്യന്‍ നാടോടിക്കഥകളിലെ മരിച്ചവരുടെ ആത്മാക്കൾക്ക് സമാനമായ രീതിയില്‍ വസ്ത്രം ധരിച്ച് ചിലരെ പ്രദേശത്ത് പെട്രോളിംഗിനായി നിയോഗിച്ചത്. പേടിപ്പിക്കുന്ന രൂപം കണ്ടാല്‍ ആളുകള്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോപുഹ് പോലീസിന്റെയും പ്രദേശത്തെ ഒരു സംഘം യുവാക്കളുടെ സഹായത്തോടെയാണ് പ്രദേശത്ത് ഇത് നടപ്പിലാക്കുന്നത്.
തുടക്കത്തില്‍ ഈ പദ്ധതി വിപരീത ഫലമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പോക്കോംഗുകളെ കണ്ട ആളുകള്‍ വീട്ടില്‍ ഇരിക്കുന്നതിനു പകരം ഇവയെ പിടിക്കാനായി കൂട്ടമായി പുറത്തിറങ്ങാന്‍ ആരംഭിച്ചു. തുടര്‍ന്ന് പോക്കോംഗുകള്‍ പുറത്തിറങ്ങുന്നവര്‍ക്ക് നേരെ ചാടി ഭയപ്പെടുത്താന്‍ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രേതങ്ങളെ കണ്ട കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വീടിന് പുറത്തിറങ്ങാന്‍ പേടിയാണെന്ന് പ്രദേശവാസിയായ കര്‍ണോ സുപാഡുമോ പറഞ്ഞു.
ഇന്തോനേഷ്യയില്‍ 4,241 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 371 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. എന്നാല്‍ കോവിഡ് ഇന്തോനേഷ്യയില്‍ വ്യാപക നാശം വിതയ്ക്കുമെന്നാണ് ഇന്തോനേഷ്യന്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നത്. മെയ് മാസത്തോടെ 140,000 മരണങ്ങളും 1.5 ദശലക്ഷം കേസുകളും ഉണ്ടാകുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.