കൊറോണ വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്നോ ചന്തയില്‍ നിന്നോ ? അന്വേഷണത്തിന് അമേരിക്ക
വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തിയറികളില്‍ ഒന്നാണിത്. ഇതിന്റെ നിജസ്ഥിതിയാണ് ഏജന്‍സികളും അന്വേഷിക്കുക.
ആഗോളതലത്തിൽ 20 ലക്ഷത്തിലധികം പേര്‍ രോഗബാധിതരായ 134,000 ലധികം ആളുകളെ കൊന്നൊടുക്കിയ കൊറോണ വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്നാണോ അതോ ചന്തയില്‍ നിന്നാണോയെന്ന് അന്വേഷിക്കാന്‍ അമേരിക്ക. യു.എസ് രഹസ്യാന്വേഷണ വിഭാഗവും ദേശീയ സുരക്ഷാ ഏജൻസിയുമാണ് അന്വേഷണം നടത്തുകയെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. സർക്കാർ സാധ്യതകൾ പരിശോധിക്കുകയാണെന്നും എന്നാൽ പ്രാരംഭഘട്ടത്തില്‍ തന്നെ എന്തെങ്കിലും നിഗമനങ്ങളിൽ എത്താൻ കഴിയില്ലെന്നും ഏജന്‍സികള്‍ പറയുന്നു. വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സിദ്ധാന്തങ്ങളില്‍ ഒന്നാണിത്. ഇതിന്റെ നിജസ്ഥിതിയാണ് ഏജന്‍സികളും അന്വേഷിക്കുക.
കൊറോണ വൈറസ് ജൈവായുധ ഗവേഷണത്തിന്റെ സൃഷ്ടിയാണെന്ന് യു.എസ് സർക്കാർ പൂര്‍ണമായും വിശ്വസിക്കുന്നില്ല. ഇതേസമയം, അന്വേഷണ ഏജൻസികൾ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി സകല സിദ്ധാന്തങ്ങളുടെയും സാധ്യതകള്‍ അന്വേഷിക്കുകയാണ് ചെയ്യുന്നത്. വുഹാനിലെ ഒരു ലാബിലാണ് കൊറോണ വൈറസിന്റെ സൃഷ്ടി നടന്നതെന്നും അബദ്ധത്തില്‍ പുറത്തുപോയതാണെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നതില്‍ പ്രധാനം. ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനിൽ നിന്നാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലാബിലെ ഏതെങ്കിലും ഗവേഷകനില്‍ വൈറസ് ബാധയുണ്ടായിട്ടുണ്ടോ, അയാളില്‍ നിന്നാണോ മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നത് എന്നതും യു.എസ് ഏജന്‍സികള്‍ അന്വേഷിക്കും. ലാബ് സിദ്ധാന്തത്തെ സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ മാർക്ക് മില്ലെ സമ്മതിച്ചു. എന്നാല്‍ ലാബ് സിദ്ധാന്തത്തെ ചൈന ശക്തമായി നിഷേധിക്കുന്നുണ്ട്. വിചിത്രമായ ഗൂഡാലോചന സിദ്ധാന്തം മാത്രമാണിതെന്നാണ് ചൈനയുടെ വാദം.