കോവിഡ് രണ്ടാംഘട്ട രോഗ വ്യാപന സാധ്യത: ചൈനയില്‍ ജാഗ്രത

വിദേശത്ത് നിന്നും എത്തുന്നവരെ നിരീക്ഷിച്ചും അതിര്‍ത്തി മേഖലകള്‍ അടച്ചിട്ടുമാണ് രാജ്യം മുന്നോട്ട് പോകുന്നത്.

Update: 2020-04-17 01:28 GMT

കോവിഡ് രണ്ടാം രോഗ വ്യാപന സാധ്യതയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു. വിദേശത്ത് നിന്നും എത്തുന്നവരെ നിരീക്ഷിച്ചും അതിര്‍ത്തി മേഖലകള്‍ അടച്ചിട്ടുമാണ് രാജ്യം മുന്നോട്ട് പോകുന്നത്. അതിനിടെ 46 പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വിദേശത്ത് നിന്ന് എത്തിയവരില്‍ രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ചൈനയില്‍ അതിര്‍ത്തികള്‍ അടച്ചിട്ടു കൊണ്ടുള്ള പ്രതിരോധം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി വിമാനങ്ങളിലും വിമാനത്താവളങ്ങളിലും കസ്റ്റംസ് ഓഫീസുകളിലും കര്‍ശന പരിശോധനകളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം 46 പേര്‍ക്ക് പുതിയതായി രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തതില്‍ 34 പേരും വിദേശത്ത് നിന്നെത്തിയവരാണെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Advertising
Advertising

രണ്ടാം ഘട്ട രോഗവ്യാപനം ഏതു വിധേനയും തടയണമെന്നുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇതിനായി നോര്‍ത്ത് അമേരിക്കന്‍ - യൂറോപ്യന്‍ രാജ്യങ്ങളുമായി സഹകരിച്ച് പ്രത്യേക ഡേറ്റ കളക്ഷന്‍ സെന്ററുകളും ഒരുക്കിയിട്ടുണ്ട്. റഷ്യ - ചൈന അതിര്‍ത്തി അടച്ചതിന് പിന്നാലെ അതിര്‍ത്തി മേഖലകളില്‍ 4000 മിലിട്ടറി ആരോഗ്യ പ്രവര്‍ത്തകരെ വിന്യസിച്ചു. ജനജീവിതം സാധാരണ നിലയിലേക്കെത്തിയ വുഹാനിലും ബീജിംഗ്, ഷാന്‍ഹായി തുടങ്ങിയ പ്രധാന നഗരങ്ങളിലും സാമ്പിള്‍ ശേഖരണം തുടരുകയാണ്. ജനവാസ മേഖലകളില്‍ റാപ്പിഡ് ടെസ്റ്റ് - ന്യൂക്ലിക് ആസിഡ് ടെസ്റ്റ് - ആന്റി ബോഡി ടെസ്റ്റ് തുടങ്ങിയവ സൌജന്യമായി നടത്തി രോഗബാധിതരുണ്ടെങ്കില്‍ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ മന്ത്രാലയം.

Tags:    

Similar News