മഹാവ്യാധിയുടെ ഭീകരമുഖം; 15 ചരമപേജുകളുമായി അമേരിക്കന്‍ ദിനപത്രം
ചരമവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനായി ഒരു പേജ് മുഴുവനായി പോലും മാറ്റിവയ്ക്കാത്ത പത്രമാണ് ബോസ്റ്റണ്‍ ഗ്ലോബ്
കോവിഡ് 19 മഹാമാരിയുടെ ഭീകരത വെളിവാക്കുന്നതായിരുന്നു അമേരിക്കന്‍ ദിനപത്രമായ ബോസ്റ്റണ്‍ ഗ്ലോബിന്റെ ഞായറാഴ്ച പുറത്തിറങ്ങിയ പത്രം. 15 ചരമ പേജുകളാണ് പത്രം ഞായറാഴ്ച പ്രസിദ്ധീകരിച്ചത്. കോവിഡ് 19 മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയില്‍ നിന്നുള്ള പത്രങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ബോസ്റ്റണ്‍ ഗ്ലോബിന്റെ ഞായറാഴ്ചത്തെ പത്രം.
ചരമവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനായി ഒരു പേജ് മുഴുവനായി പോലും മാറ്റിവയ്ക്കാത്ത പത്രമാണ് ബോസ്റ്റണ്‍ ഗ്ലോബെന്ന് പത്രത്തിന്റെ ഞായറാഴ്ച പതിപ്പ് പങ്കുവെച്ചുകൊണ്ട് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നു.
'ഒരു മാസം മുമ്പ് ബെര്‍ഗാമോ ഇറ്റലിയില്‍ നിന്നുള്ള ഒരു വീഡിയോയില്‍ ചരമവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പേജുകള്‍ ഒന്നിനു പിറകെ ഒന്നായി കാണിച്ചിരുന്നു. ഇതാ ബോസ്റ്റണ്‍ ഗ്ലോബ് ഏപ്രില്‍ 19, 2020. 15 പേജുകള്‍.' ചരമപേജുകള്‍ പങ്കുവെച്ചു കൊണ്ട് നഥാനിയേല്‍ മുല്‍കാഹി കുറിച്ചു.
കോവിഡ് 19 ഭീഷണിയിലാണ് മസാച്യൂസെറ്റ്‌സ്. 38,000 പോസിറ്റീവ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,700 പേര്‍ മരിച്ചു. ഡോര്‍ചെസ്റ്റര്‍ പരിസരത്ത് മാത്രം 1,270 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ബോസ്റ്റണ്‍ അധികൃതര്‍ പറയുന്നു. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ചാര്‍ലി ബേക്കര്‍ ഞായറാഴ്ച സിബിഎസിന്റെ 'ഫെയ്സ് ദി നേഷന്‍' പരിപാടിയില്‍ പങ്കെടുത്തിരുന്നു. കോവിഡ് 19 കേസുകള്‍ സംസ്ഥാനത്ത് കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം പരിപാടിയില്‍ അഭിപ്രായപ്പെട്ടത്.
അമേരിക്കയില്‍ ഇതുവരെ 7,58,000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 41,000 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. എന്നാല്‍ കോവിഡിന്റെ പേരില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ലോക് ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ നൂറ് കണക്കിന് പേരാണ് വിവിധ അമേരിക്കന്‍ നഗരങ്ങളിലെ നിരത്തുകളിലിറങ്ങിയത്.