കുടിയേറ്റത്തിന് താത്കാലിക വിലക്കുമായി ട്രംപ്
അമേരിക്കക്കാരുടെ ജോലി സംരക്ഷിക്കാനാണ് തന്റെ നടപടിയെന്നാണ് ട്രംപിന്റെ അവകാശവാദം...
കോവിഡ് വ്യാപനത്തിന്റെ പേരില്‍ വിദേശികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കക്കാരുടെ ജോലി സംരക്ഷിക്കാനാണ് തന്റെ നടപടിയെന്നും ട്രംപ് ട്വിറ്ററിലൂടെ അവകാശപ്പെട്ടു. കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു.
'അദൃശ്യ ശത്രുവിന്റെ ആക്രമണം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പൗരന്മാരുടെ ജോലി സംരക്ഷിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പിടും'' എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ട്രംപിന്റെ നീക്കത്തിനെതിരെ വന്‍ വിമര്‍ശവുമായി ഡെമോക്രാറ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
കുടിയേറ്റങ്ങള്‍ക്കെതിരായ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുമെന്ന് 2016ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ തന്നെ ട്രംപ് വാഗ്ദാനം നല്‍കിയിരുന്നു. മെക്‌സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റം തടയാനെന്ന പേരില്‍ മതില്‍ പണിയുകയുമെന്നതും ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. നിയമപരവും അല്ലാത്തതുമായ കുടിയേറ്റങ്ങള്‍ കുറക്കാന്‍ ട്രംപ് സര്‍ക്കാര്‍ പല ശ്രമങ്ങളും നേരത്തെയും നടത്തിയിട്ടുണ്ട്. കോവിഡിന്റെ പേരില്‍ കഴിഞ്ഞ മാസം മുതല്‍ തന്നെ അമേരിക്ക എല്ലാവിധ വിസാ സേവനങ്ങളും നിര്‍ത്തിയിരുന്നു.
ഒരുവെടിക്ക് രണ്ട് പക്ഷിയെയാണ് ട്രംപ് ഈനീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നത്. കുടിയേറ്റക്കാര്‍ക്കെതിരായ പ്രഖ്യാപിത നിലപാട് തുടരുകയും കോവിഡ് പ്രതിരോധത്തില്‍ സംഭവിച്ച പാളിച്ചകള്‍ സമര്‍ഥമായി മൂടിവെക്കുകയുമാണ് പ്രസിഡന്റ് ചെയ്യുന്നതെന്നാണ് ആരോപണം. അമേരിക്കയില്‍ ഏതാണ്ട് എട്ട് ലക്ഷം പേര്‍ക്കാണ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച രാജ്യം അമേരിക്കയാണ്. രാജ്യത്താകെ 42000ത്തിലേറെ പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.