കൊറോണ എല്ലാത്തിനെയും മാറ്റിമറിച്ചു, ഇനി വരുന്നത് പുതിയ ലോകമെന്ന് ഗ്രെറ്റ തുന്‍ബര്‍ഗ്

ലോക ഭൗമ ദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് ഗ്രെറ്റ ഇക്കാര്യം പറഞ്ഞത്.

Update: 2020-04-23 10:39 GMT

കൊറോണ വൈറസിനെ തടയാനുള്ള സാമൂഹിക നിയന്ത്രണങ്ങളും ലോക്ഡൗണും പരിസ്ഥിതിയെ സംബന്ധിച്ച് പുതിയ തുടക്കമാകുമെന്ന് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ്.സമൂഹം സാധാരണ നിലയിലേക്ക് മടങ്ങിവരുമ്പോള്‍ രാജ്യങ്ങള്‍ക്ക് പുതിയ പാത തെരഞ്ഞെടുക്കാന്‍ ഇത് സഹായകമാകും. ലോക ഭൗമ ദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് ഗ്രെറ്റ ഇക്കാര്യം പറഞ്ഞത്.

നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി, ലോകം മാറിക്കഴിഞ്ഞു. ഒരു മാസം മുമ്പ് ലോകം എങ്ങനെയായിരുന്നുവോ അതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് അതിന്ന്. ഒരിക്കലും അത് പഴയ പോലെയാകില്ലെന്നാണ് കരുതുന്നത്. നാം ഭാവിയിലേക്ക് പുതിയ മാര്‍ഗം തെരഞ്ഞെടുക്കുകയാണ്.

Advertising
Advertising

കൊറോണ വൈറസ് പ്രതിസന്ധി നമ്മുടെ സമൂഹം സുസ്ഥിരമല്ലെന്ന് കാണിച്ചു തന്നു. ഒരൊറ്റ വൈറസിന് രണ്ടാഴ്ചയ്ക്കുള്ളിൽ സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കാൻ കഴിയുമെന്ന് ഇതുവരെയുള്ള സംഭവങ്ങള്‍ തെളിയിക്കുന്നു. ശാസ്ത്രജ്ഞരുടെ ഉപദേശപ്രകാരം കോവിഡിനെതിരെ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വേഗത്തില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നതായും ഗ്രെറ്റ പറഞ്ഞു.ശാസ്ത്രീയ മുന്നറിയിപ്പുകൾക്ക് സര്‍ക്കാരുകള്‍ കൂടുതൽ ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകതയാണ് ഈ മഹാമാരിയില്‍ നിന്നും പഠിക്കേണ്ട പാഠമെന്നും ഗ്രെറ്റ പറയുന്നു.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തടയാനായി അന്താരാഷ്ട്രതലത്തിൽ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകയാണ് പതിനേഴുകാരിയായ ഗ്രെറ്റ തുന്‍ബര്‍ഗ് . 2018 ആഗസ്റ്റിൽ സ്വീഡിഷ് പാർലമെൻറ് കെട്ടിടത്തിന് പുറത്ത് കാലാവസ്ഥയ്ക്കായുള്ള സ്കൂൾ പണിമുടക്ക് ആരംഭിച്ചു. 2018 നവംബറിൽ TEDxStockholm ൽ സംസാരിച്ചു. ഡിസംബറിൽ യുനൈറ്റഡ് നേഷൻസ് ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസിനെ അഭിസംബോധന ചെയ്തു. 2019 ജനുവരിയിൽ ദാവോസിലെ വേൾഡ് എക്കണോമിക്ക് ഫോറത്തിൽ സംസാരിക്കാൻ ഗ്രെറ്റക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

Tags:    

Similar News