ലക്ഷണങ്ങള്‍ കാണിക്കാത്തവരില്‍ നിന്ന് കോവിഡ് പകരുമോ?
മരുന്നോ വാക്‌സിനോ കണ്ടുപിടിക്കുന്നതുവരെ കൈ സോപ്പിട്ട് കഴുകുക, മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നീ മൂന്ന് വഴികള്‍ മാത്രമാണ് ആഗോള വ്യാപകമായി കോവിഡ് ചങ്ങല പൊട്ടിക്കാനായി നിര്‍ദേശിക്കുന്നത്...
നാല് മാസങ്ങള്‍ കൊണ്ട് ലോകം കീഴടക്കിയ കോവിഡ് 19 രോഗത്തെക്കുറിച്ചും രോഗം പരത്തുന്ന SARS-CoV2 വൈറസിനെക്കുറിച്ചും പരിമിതമായ വിവരങ്ങള്‍ മാത്രമേ ലോകത്തിനുള്ളൂ. ഇതാണ് കോവിഡിനെതിരായ പോരാട്ടത്തില്‍ വലിയ വെല്ലുവിളിയാകുന്നതും. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് രോഗിയില്‍ നിന്നും മറ്റുള്ളവരിലേക്ക് കോവിഡ് രോഗം പകരുമോ? എന്ന ചോദ്യത്തിന് തന്നെ വിരുദ്ധ അഭിപ്രായങ്ങളുണ്ട്.
ഇന്ത്യയില്‍ കോവിഡ് രോഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടവരില്‍ 69 ശതമാനത്തിനും രോഗം സ്ഥിരീകരിച്ചപ്പോള്‍ ലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ലെന്നാണ് ഐ.സി.എം.ആര്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. എങ്ങനെയാണ് ലക്ഷണങ്ങള്‍ കാണിക്കാത്ത ഒരാള്‍ക്ക് കോവിഡ് രോഗം ഉണ്ടെന്ന് കണ്ടെത്താനാവുക?
ലക്ഷണങ്ങള്‍ കാണിക്കുന്ന ഒരു കോവിഡ് 19 രോഗിയുടെ സമ്പര്‍ക്കപട്ടിയില്‍ നിന്നാണ് നിലവിലെ സാഹചര്യത്തില്‍ അങ്ങനെ ലക്ഷണങ്ങളില്ലാത്തവരെ കണ്ടെത്തുന്നത്. അല്ലെങ്കില്‍ വ്യാപകമായി പരിശോധനകള്‍ നടത്തണം. അത് ഇന്ത്യയെപോലെ വലിയ ജനസംഖ്യയുള്ള രാജ്യത്ത് പ്രായോഗികമല്ലെന്ന വിമര്‍ശമുണ്ട്. ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികളെ പെട്ടെന്ന് കണ്ടെത്താനായില്ലെങ്കില്‍ അവര്‍ കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ത്തി സമൂഹവ്യാപനത്തിന് കാരണമാവുകയും ചെയ്യും.
ये à¤à¥€ पà¥�ें- കോവിഡ്: മഹാരാഷ്ട്രയില്‍ ഒരൊറ്റ ദിവസം 778 പുതിയ രോഗികള്‍, 522ഉം മുംബൈയില്‍ നിന്ന്
പ്രധാനമായും മൂന്ന് തരത്തിലാണ് കോവിഡ് രോഗികളെ ലോകാരോഗ്യ സംഘടന തരംതിരിച്ചിട്ടുള്ളത്. പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍, രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പുള്ള അവസ്ഥയിലുള്ളവര്‍, രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ എന്നിവയാണത്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പുള്ള അവസ്ഥയിലുള്ളവരില്‍ നിന്നും രോഗം പകരാമെന്ന് ലോകാരോഗ്യ സംഘടന തന്നെ പറയുന്നുണ്ട്.
എന്നാല്‍ കോവിഡ് 19 രോഗികളെങ്കിലും ദിവസങ്ങളായി ഒരു ലക്ഷണവും കാണിക്കാത്തവരില്‍ നിന്നും രോഗം പകരുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. അതേസമയം അങ്ങനെ സംഭവിക്കാനുള്ള സാധ്യതയെ ലോകാരോഗ്യ സംഘടന പൂര്‍ണ്ണമായും തള്ളിക്കളയുന്നുമില്ല. രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങാനുള്ള സമയമായി 2 മുതല്‍ 14 ദിവസം വരെയാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ഈ കാലയളവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
അമേരിക്കയിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍(സി.ഡി.സി) അഭിപ്രായപ്പെടുന്നത് ലക്ഷണങ്ങള്‍ കാണിക്കാത്തവരും ലക്ഷണങ്ങള്‍ കാണിക്കുന്നതിന് തൊട്ടുമുമ്പുള്ള അവസ്ഥയിലുള്ളവരും രോഗം പരത്തുന്നുവെന്നാണ്. ചിലരില്‍ SARS-CoV2 വൈറസിന്റെ ലക്ഷണങ്ങള്‍ കാണിക്കാന്‍ കൂടുതല്‍ ദിവസങ്ങളെടുത്തേക്കാമെന്നും അതാണ് ലക്ഷണങ്ങളില്ലാത്തവരായി അവരെ വ്യാഖ്യാനിക്കുന്നതെന്നുമാണ് സി.ഡി.സി നിരീക്ഷണം.
ये à¤à¥€ पà¥�ें- കൊറോണ വൈറസ് ജൈവായുധമല്ലെന്നും വൈറസിന്റെ ഉത്ഭവം മൃഗങ്ങളില്‍ നിന്ന് തന്നെയാണെന്നും ലോകാരോഗ്യ സംഘടന
സാര്‍സ്, മെര്‍സ് തുടങ്ങിയ കോവിഡ് വൈറസുകളുടെ ലക്ഷണങ്ങള്‍ രോഗികളില്‍ പ്രകടമാകുന്ന സമയം രണ്ട് മുതല്‍ 14 ദിവസങ്ങള്‍ വരെയാണ്. ഇതാണ് ആദ്യഘട്ടത്തില്‍ കോവിഡ് 19 രോഗികളിലും കണക്കാക്കിയിരുന്നത്. എന്നാല്‍ കേരളത്തില്‍ തന്നെ ഒരു മാസത്തിനു ശേഷം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 54കാരിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് ഈ സമയമൊന്നും യാതൊരു ലക്ഷണങ്ങളും കാണിച്ചിരുന്നില്ല. 28 ദിവസത്തെ ക്വാറന്റെയ്‌ന് ശേഷം കോവിഡ് സ്ഥിരീകരിച്ച ഒരു ഡസനോളം കേസുകള്‍ കേരളത്തില്‍ നിന്നുണ്ടായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തത്.
പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡ് രോഗികളെക്കുറിച്ച് വിദഗ്ധര്‍ പോലും വ്യത്യസ്ത അഭിപ്രായങ്ങള്‍ പുലര്‍ത്തുമ്പോള്‍ ഒരേയൊരു മാര്‍ഗ്ഗമേ കോവിഡില്‍ നിന്നും രക്ഷപ്പെടാന്‍ നിലവിലുള്ളൂ. അത് സുരക്ഷയുടെ അടിസ്ഥാന തത്വങ്ങളിലേക്ക് മടങ്ങുകയെന്നതാണ്. കൈ സോപ്പിട്ട് കഴുകുക, മാസ്‌ക് ധരിക്കുക, സമൂഹ്യഅകലം പാലിക്കുക എന്നീ സുവര്‍ണ്ണ തത്വങ്ങള്‍ വഴി മാത്രമേ കൊറോണയുടെ ചങ്ങല പൊട്ടിക്കാനാകൂ. മരുന്നോ വാക്‌സിനോ കണ്ടെത്തുന്നതുവരെ ഇത് മാത്രമാണ് പോംവഴിയെന്നാണ് വിദഗ്ധരുടെ ഉപദേശം.