അണുനാശിനി കുത്തിവെപ്പ്, വെളിച്ചം അടിക്കല്‍... കൊറോണയെ തുരത്താന്‍ പുതിയ മാര്‍ഗ്ഗങ്ങളുമായി ട്രംപ്

നേരത്തെ നിര്‍ദേശിച്ച ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പരാജയമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ വഴികളുമായി അമേരിക്കന്‍ പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്...

Update: 2020-04-24 04:59 GMT

മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊറോണക്കെതിരായ പോരാട്ടത്തിന് ഉപയോഗിക്കാമെന്ന് ആശയത്തിന്റെ ഒന്നാം നമ്പര്‍ പ്രചാരകനായിരുന്നു ഡോണള്‍ഡ് ട്രംപ്. ഈ മരുന്ന് നല്‍കുന്ന രോഗികളില്‍ മരണ നിരക്ക് ഇരട്ടിയായെന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്കയില്‍ നിന്നു തന്നെ പുറത്തുവരുമ്പോഴാണ് പുതിയ ഉപായങ്ങളുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് രോഗികളുടെ ശരീരത്തിലേക്ക് അള്‍ട്രാ വൈലറ്റ് ലൈറ്റുകളോ ശക്തിയേറിയ വെളിച്ചങ്ങളോ അടിക്കുകയോ അണുനാശിനികള്‍ കുത്തിവെപ്പായി നല്‍കുകയോ ചെയ്യണമെന്നാണ് ട്രംപിന്റെ നിര്‍ദേശം.

പ്രസിഡന്റിന്റെ വാര്‍ത്താസമ്മേളനത്തിനിടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റിയിലെ വില്യം ബ്രയന്‍ ചൂടും അന്തരീക്ഷത്തിലെ ഈര്‍പ്പവും കോവിഡ് വൈറസിന്റെ വ്യാപനം കുറക്കുമെന്ന് പറഞ്ഞിരുന്നു. അതേസമയം ചൂടുള്ള കാലാവസ്ഥയില്‍ കൊറോണ വൈറസ് കുറയുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിരുന്നത്. നാല് മാസം മാത്രംപ്രായമായ ഈ വൈറസ് ഏതെല്ലാം സമയങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിനെക്കുറിച്ച് വിശദമായ പഠനം വേണമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിലപാട്.

Advertising
Advertising

വില്യം ബ്രയന്റെ നിരീക്ഷണങ്ങളുടെ ചുവടുപിടിച്ചാണ് ശക്തിയേറിയ പ്രകാശവും അണുനാശിനി കുത്തിവെപ്പുകളും കൊറോണക്കെതിരായ മരുന്നായി ഉപയോഗിക്കാനുള്ള സാധ്യതകളെക്കുറിച്ച് പ്രസിഡന്റ് ട്രംപ് വാചാലനായത്. 'അള്‍ട്രാ വയലറ്റ് വെളിച്ചമോ മറ്റേതെങ്കിലും ശക്തിയേറിയ വെളിച്ചമോ ശരീരത്തിലേക്ക് നേരിട്ട് അടിക്കുകയാണെന്ന് വെക്കുക. അങ്ങനെ വന്നാല്‍ ഈ വെളിച്ചം ശരീരത്തിനുള്ളിലെത്തില്ലേ? ഇപ്പോള്‍ നിങ്ങള്‍ പറയും പരീക്ഷണങ്ങള്‍ വേണമെന്ന്.

അണുനശീകരണ മരുന്നുകള്‍ കൊറോണയെ തുരത്തുമെങ്കില്‍ കുത്തിവെപ്പിലൂടെയോ മറ്റോ ശരീരത്തിനുള്ളിലെത്തിച്ചാല്‍ കൊറോണയെ ഓടിപ്പിക്കാനാവില്ലേ? കുത്തിവെപ്പ് വഴി ശ്വാസകോശത്തിലേക്ക് ഇവ എത്തിച്ചാല്‍ കൊറോണ തോല്‍ക്കില്ലേ? അങ്ങനെയുണ്ടാവുമോ എന്നറിയാന്‍ എനിക്ക് താല്‍പര്യമുണ്ട്' എന്നൊക്കെയായിരുന്നു ട്രംപ് പറഞ്ഞത്.

സ്വാഭാവികമായും അണുനാശിനി കുത്തിവെപ്പ് പോലെ മാരകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന കാര്യങ്ങള്‍ എന്തെങ്കിലും ഗവേഷണങ്ങളുടേയോ പഠനത്തിന്റേയോ അടിസ്ഥാനത്തിലാണോ പ്രസിഡന്റ് പറഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. 'ഞാന്‍ പ്രസിഡന്റാണ് നിങ്ങള്‍ വ്യാജ മാധ്യമങ്ങളും' എന്നുമായിരുന്നു ഇതിന് ട്രംപിന്റെ മറുപടി.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പരാജയമാണെന്ന് അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെറ്ററന്‍സ് അഫയേഴ്‌സ് ആശുപത്രിയിലെ കോവിഡ് രോഗികളില്‍ നടത്തിയ പഠനത്തില്‍ തന്നെ തെളിഞ്ഞിരുന്നു. മലേറിയ മരുന്ന് അമേരിക്കയില്‍ കോവിഡ് രോഗികള്‍ക്ക് നല്‍കുന്നത് നിര്‍ത്തിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാല്‍ വസ്തുത അങ്ങനെയല്ലെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

Tags:    

Similar News