അമേരിക്ക കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് തൊട്ടരികില്‍- ഡോണള്‍ഡ് ട്രംപ്
വാക്സിന്‍ കണ്ടുപിടിച്ചാലും അത് പരീക്ഷിച്ച് വിജയിക്കുന്നുവെന്ന് ഉറപ്പിക്കാന്‍ 12 മുതല്‍ 18 മാസം വരെ സമയമെടുക്കുമെന്ന് യു.എസ് ആരോഗ്യ വകുപ്പിലെ പ്രധാനിയായ ഡോ. ആന്‍റണി ഫൌസി പറഞ്ഞിരുന്നു
കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് തൊട്ടരികില്‍ അമേരിക്ക എത്തിയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍വെച്ച് ദിവസേന നടത്തുന്ന കോവിഡ് വിവരങ്ങള്‍ അറിയിക്കുന്ന വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 'നിര്‍ഭാഗ്യവശാല്‍ ഇത് ഉപയോഗിച്ചു നോക്കാനുള്ള സമയമായിട്ടില്ല. പരീക്ഷണം തുടങ്ങിയാല്‍ കുറച്ചേറെ സമയമെടുക്കും. പക്ഷെ നമ്മളത് പൂര്‍ത്തിയാക്കും.' ട്രംപ് പറഞ്ഞു. കൊറോണ വൈറസ് കോഡിനേറ്റര്‍ ഡെബോറ ബ്രിക്സ്, വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്.
വാക്സിന്‍ കണ്ടുപിടിച്ചാലും അത് പരീക്ഷിച്ച് വിജയിക്കുന്നുവെന്ന് ഉറപ്പിക്കാന്‍ 12 മുതല്‍ 18 മാസം വരെ സമയമെടുക്കുമെന്ന് യു.എസ് ആരോഗ്യ വകുപ്പിലെ പ്രധാനിയായ ഡോ. ആന്‍റണി ഫൌസി പറഞ്ഞിരുന്നു. രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു. ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച എല്ലാ മേഖലകളിലും പോസിറ്റീവ് കേസുകള്‍ കുറഞ്ഞു. മേഖലകള്‍ സാധാരണനിലയിലേക്ക് തിരിച്ചുവരികയാണ്. 23 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുറഞ്ഞുവെന്നും ട്രംപ് വിശദീകരിച്ചു.
മെയ് ഒന്നു വരെ ജനങ്ങളോട് സാമൂഹിക അകലം പാലിച്ച് വീടുകളില്‍ കഴിയാനാണ് ഭരണകൂടം ആവശ്യപ്പെട്ടത്. ഇത് ഒരു പക്ഷെ നീട്ടിയേക്കും. പക്ഷെ ഘട്ടം ഘട്ടമായി സേവനങ്ങളും വിപണികളും തുറന്ന് അമേരിക്ക പൂര്‍വ്വ സ്ഥിതിയിലേക്കെത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം അമേരിക്കയില്‍ 8.69 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിത്. 49963 പേര്‍ മരിച്ചു.