ഞങ്ങളുടെ അണുനാശിനി ആരും കുടിക്കരുതെന്ന് ലൈസോള്‍ - ഡെറ്റോള്‍ ഉത്പാദകര്‍
അണുനാശിനികള്‍ മനുഷ്യശരീരത്തിനുള്ളില്‍ എത്തുന്നത് അപകടകരമാണെന്ന് ബ്രിട്ടീഷ് കമ്പനി വ്യക്തമാക്കി.
കോവിഡ് രോഗികളുടെ ശരീരത്തിലേക്ക് അള്‍ട്രാ വൈലറ്റ് ലൈറ്റുകള്‍ അടിക്കുകയോ അണുനാശിനികള്‍ കുത്തിവെപ്പായി നല്‍കുകയോ ചെയ്യണമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പിന്നാലെ മുന്നറിയിപ്പുമായി ലൈസോള്‍ - ഡെറ്റോള്‍ ഉത്പാദകര്‍ രംഗത്ത്. തങ്ങളുടെ അണുനാശിനികള്‍ ആരും കുടിക്കരുതെന്നാണ് ലൈസോള്‍ - ഡെറ്റോള്‍ ഉത്പാദകരായ റെക്കിറ്റ് ബെന്‍കിസര്‍ കമ്പനിയുടെ മുന്നറിയിപ്പ്.
ആര് പറഞ്ഞാലും തങ്ങളുടെ അണുനാശിനി ശരീരത്തില്‍ പ്രവേശിക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നാണ് കമ്പനി നല്‍കുന്ന അറിയിപ്പ്. അണുനശീകരണ മരുന്നുകള്‍ കൊറോണയെ തുരത്തുമെങ്കില്‍ കുത്തിവെപ്പിലൂടെയോ മറ്റോ ശരീരത്തിനുള്ളിലെത്തിച്ചാല്‍ കൊറോണയെ ഓടിക്കാനാവില്ലേ? കുത്തിവെപ്പ് വഴി ശ്വാസകോശത്തിലേക്ക് ഇവ എത്തിച്ചാല്‍ കൊറോണ തോല്‍ക്കില്ലേ? എന്നിങ്ങനെയുള്ള ട്രംപിന്റെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി കമ്പനി രംഗത്തുവന്നത്.
അണുനാശിനികള്‍ മനുഷ്യശരീരത്തിനുള്ളില്‍ എത്തുന്നത് അപകടകരമാണെന്ന് ബ്രിട്ടീഷ് കമ്പനി വ്യക്തമാക്കി. സോഷ്യല്‍മീഡിയയില്‍ ഇതുസംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് തങ്ങള്‍ ഈ മുന്നറിയിപ്പ് നല്‍കുന്നതെന്നും കമ്പനി അറിയിച്ചു. അണുനാശിനി കുടിക്കുകയോ കുത്തിവെക്കുകയോ ഇനി മറ്റേതെങ്കിലും വഴിയോ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നത് മാരകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ട്രംപിന്‍റെ പരാമര്‍ശം വന്നതിന് തൊട്ടുപിന്നാലെ റെക്കിറ്റ് ബെന്‍കിസര്‍ അറിയിച്ചു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ശരിയായ വിവരം നല്‍കാന്‍ ധാര്‍മികമായ ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
ये à¤à¥€ पà¥�ें- അണുനാശിനി കുത്തിവെപ്പ്, വെളിച്ചം അടിക്കല്‍... കൊറോണയെ തുരത്താന്‍ പുതിയ മാര്‍ഗ്ഗങ്ങളുമായി ട്രംപ്
നേരത്തെ മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊറോണക്കെതിരായ പോരാട്ടത്തിന് ഉപയോഗിക്കാമെന്ന് ആശയത്തിന്റെ ഒന്നാം നമ്പര്‍ പ്രചാരകനായിരുന്നു ഡൊണാള്‍ഡ് ട്രംപ്. ഈ മരുന്ന് നല്‍കുന്ന രോഗികളില്‍ മരണ നിരക്ക് ഇരട്ടിയായെന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്കയില്‍ നിന്നു തന്നെ പുറത്തുവരുമ്പോഴാണ് പുതിയ ഉപായങ്ങളുമായി ട്രംപ് രംഗത്തെത്തിയത്. സ്വാഭാവികമായും അണുനാശിനി കുത്തിവെപ്പ് പോലെ മാരകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന കാര്യങ്ങള്‍ എന്തെങ്കിലും ഗവേഷണങ്ങളുടേയോ പഠനത്തിന്റേയോ അടിസ്ഥാനത്തിലാണോ പ്രസിഡന്റ് പറഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. 'ഞാന്‍ പ്രസിഡന്റാണ് നിങ്ങള്‍ വ്യാജ മാധ്യമങ്ങളും' എന്നുമായിരുന്നു ഇതിന് ട്രംപിന്റെ മറുപടി.
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പരാജയമാണെന്ന് അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെറ്ററന്‍സ് അഫയേഴ്‌സ് ആശുപത്രിയിലെ കോവിഡ് രോഗികളില്‍ നടത്തിയ പഠനത്തില്‍ തന്നെ തെളിഞ്ഞിരുന്നു.