ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷം കടന്നു
ലോകത്ത് ഏറ്റവും കൂടുതല്‍ മരണവും കോവിഡ് കേസുകളുമുള്ള അമേരിക്കയില്‍ സ്ഥിതി നാള്‍ക്കുനാള്‍ സങ്കീര്‍ണമാകുകയാണ്
ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷം കടന്നു. പതിനഞ്ച് ദിവസത്തിനിടെ ഒരു ലക്ഷം പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തോട് അടുക്കുകയാണ്. കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വൂഹാനില്‍ നിന്ന് അവസാന രോഗിയും ആശുപത്രി വിട്ടു.
ലോകത്ത് ഏറ്റവും കൂടുതല്‍ മരണവും കോവിഡ് കേസുകളുമുള്ള അമേരിക്കയില്‍ സ്ഥിതി നാള്‍ക്കുനാള്‍ സങ്കീര്‍ണമാകുകയാണ്. മുപ്പത്തി അയ്യായിരത്തിലധികം പോസിറ്റീവ് കേസുകളാണ് അമേരിക്കയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 2,065 പേര്‍ ഇന്നലെ മാത്രം മരിച്ചു. അമേരിക്ക കഴിഞ്ഞാല്‍ രോഗം ഏറ്റവും മരണം വിതച്ചത് ഇറ്റലിയിലാണ്. മരണ സംഖ്യ ഇരുപത്തിയാറായിരം പിന്നിട്ടു. മേയ് നാലിനു ശേഷം ഇറ്റലിയില്‍ ലോക്ക്ഡൌണ്നു ഇളവുണ്ടായേക്കാം. സ്പെയിനില്‍ ഇതുവരെ ഇരുപത്തി മൂവായിരത്തോളം പേരാണ് മരിച്ചത്. ബ്രിട്ടണില്‍ 813 പേര്‍ ഇന്നലെ മരിച്ചതോടെ മരണസംഖ്യ ഇരുപതിനായിരം കടന്നു. രോഗം ഭേദമായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടുത്തയാഴ്ച ചുമതലകളിലേക്ക് തിരികെയെത്തുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം പ്രഭവകേന്ദ്രമായ ചൈനയില്‍ പത്തുദിവസമായി കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡിന്റെ പ്രഭവ കേന്ദ്രമായ വൂഹാനില്‍ നിന്ന് അവസാന രോഗിയും ആശുപത്രി വിട്ടു. ഇതോടെ വൂഹാനെ സീറോ കോവിഡ് മേഖലയായി പ്രഖ്യാപിച്ചു. ലാറ്റിന്‍ അമേരിക്കയില്‍ കോവിഡ് ബാധിതര്‍ ഒന്നരലക്ഷം പിന്നിട്ടു. രോഗികളുടെ എണ്ണം കൂടുതലുള്ള ബ്രസീലിലാണ്. 59000ത്തില്‍ അധികം രോഗികളുണ്ട് ഇവിടെ.
മരണതോത് കൂടുതലുള്ളത് മെക്സിക്കോയിലാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് പടരുന്നത് ആശങ്കയുണ്ടാക്കുന്നതായി ലോക ആരോഗ്യ സംഘടന പറഞ്ഞു. രോഗം ഭേദമായര്‍ക്ക് പിന്നീട് രോഗം വരില്ലെന്ന വാദത്തിന് ശാസ്ത്രീയമായ തെളിവില്ലെന്നും ലോക ആരോഗ്യ സംഘടന അറിയിച്ചു. 8,41000 ത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.