'ഈ ആരോപണം അന്യായം'; ചൈനീസ് റാപിഡ് ടെസ്റ്റിങ് കിറ്റുകള്‍ ഗുണനിലവാരമില്ലാത്തതെന്ന ഇന്ത്യന്‍ വാദത്തെ തള്ളി ചൈന
ചൈനയും ഇന്ത്യയുടെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് വൈറോളജിയും കിറ്റുകളുടെ ഗുണനിലവാരത്തില്‍ സംതൃപ്തരാണെന്നും റോങ് കൂട്ടിച്ചേര്‍ത്തു
ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത റാപിഡ് ടെസ്റ്റിങ് കിറ്റുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന ഇന്ത്യയുടെ ആരോപണം തള്ളി ചൈന. ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ചൈനയുടെ എംബസിയാണ് ഇന്ത്യന്‍ ആരോപണത്തെ നിഷേധിച്ചത്. ഇന്ത്യയുടെ ആരോപണം അന്യായവും ഉത്തരവാദിത്തമില്ലാത്തതുമാണെന്നാണ് ചൈനീസ് എംബസി വക്താവ് ജി റോങ് അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് ഏകദേശം 10 ലക്ഷം റാപിഡ് ആന്‍റി ബോഡി ടെസ്റ്റിങ് കിറ്റുകളുടെ ഓഡര്‍ ഐ.സി.എം.ആര്‍ വേണ്ടെന്ന് വച്ചത്. ചൈനയില്‍ നിന്നും വരുന്ന സാധനങ്ങള്‍ മികച്ച ഗുണനിലവാരമുള്ളതാണ്. മുന്‍വിധിയോടെ നോക്കിക്കണ്ടുകൊണ്ട് അതിന്‍റെ ഗുണനിലവാരത്തെ ചോദ്യം ചെയ്യുന്നത് അന്യായവും ഉത്തരവാദിത്തമില്ലാത്തതുമായ പ്രവണതയാണ്. റോങ് പറഞ്ഞു.
ചൈനയും ഇന്ത്യയുടെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് വൈറോളജിയും കിറ്റുകളുടെ ഗുണനിലവാരത്തില്‍ സംതൃപ്തരാണെന്നും റോങ് കൂട്ടിച്ചേര്‍ത്തു. ടെസ്റ്റിങ് കിറ്റുകളുടെ വിലയിലും ഗുണനിലവാരത്തിലുമുള്ള സംശയം ഡല്‍ഹി ഹൈ കോടതിയില്‍ സാക്ഷ്യപ്പെടുത്തിയതിന് ശേഷമാണ് ഐ.സി.എം.ആര്‍ കിറ്റുകളുടെ കയറ്റുമതി റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്.