മൂന്ന് 'പറക്കും തളിക' വീഡിയോകള്‍ പെന്റഗണ്‍ ഔദ്യോഗികമായി പുറത്തുവിട്ടു
'വിശദീകരിക്കാനാവാത്ത ആകാശ പ്രതിഭാസ'മെന്നാണ് പെന്റഗണ്‍ പുറത്തുവിട്ട വീഡിയോകളെ വിശേഷിപ്പിച്ചിരിക്കുന്നത്...
'പറക്കും തളിക'യെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്ന മൂന്ന് വീഡിയോകള്‍ ഔദ്യോഗികമായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. 'വിശദീകരിക്കാനാവാത്ത ആകാശ പ്രതിഭാസ'മെന്നാണ് പെന്റഗണ്‍ പുറത്തുവിട്ട വീഡിയോകളെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ വീഡിയോകള്‍ യഥാര്‍ഥത്തില്‍ ചിത്രീകരിച്ചത് തന്നെയാണെന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഔദ്യോഗികമായി പുറത്തുവിടുന്നതെന്നാണ് പെന്റഗണ്‍ വിശദീകരണം.
2007ലും 2017ലുമായി നേരത്തെ ചോര്‍ത്തപ്പെട്ട വീഡിയോകളാണിത്. രണ്ടെണ്ണം ന്യൂയോര്‍ക്ക് ടൈംസും ഒരെണ്ണം ടുദ സ്റ്റാര്‍സ് അക്കാദമി ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സസ് എന്ന കമ്പനിയുമാണ് ചോര്‍ത്തിയത്. 2004ല്‍ രണ്ട് നാവികസേനയുടെ പൈലറ്റുമാര്‍ പകര്‍ത്തിയത് എന്ന് അവകാശപ്പെടുന്ന വീഡിയോയാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടത്. പസഫിക് സമുദ്രത്തില്‍ തീരത്തിന് 160 കിലോമീറ്റര്‍ അകലെവെച്ചായിരുന്നു പൈലറ്റുമാര്‍ വെള്ളത്തിന് മുകളില്‍ ചുറ്റിക്കറങ്ങുന്ന അജ്ഞാതവസ്തുവിനെ ചിത്രീകരിച്ചത്.
2015ലാണ് മറ്റു രണ്ട് വീഡിയോകളും ചിത്രീകരിച്ചത്. വായുവിലൂടെ അതിവേഗത്തില്‍ കറങ്ങിക്കൊണ്ട് ഒരു വസ്തു നീങ്ങുന്ന ദൃശ്യങ്ങളാണിത്. വീഡിയോയില്‍ 'ആ വസ്തുവിനെ നോക്കൂ, അത് കറങ്ങുന്നുണ്ട്' എന്ന് പൈലറ്റ് പറയുന്നതും കേള്‍ക്കാം. ഈ വീഡിയോകള്‍ വസ്തുതയാണെന്ന് അംഗീകരിക്കുന്ന അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം എന്താണ് ഇവയെന്ന് കണ്ടെത്താനായിട്ടില്ലെന്നും സമ്മതിക്കുന്നു.
പെന്റഗണ്‍ ഈ വീഡിയോകള്‍ സ്ഥിരീകരിച്ചതോടെ സോഷ്യല്‍മീഡിയയില്‍ #UFO എന്ന ഹാഷ് ടാഗ് ട്രെന്‍ഡിംഗാവുകയും ചെയ്തു. വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഈ വീഡിയോകള്‍ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്.