കോവിഡ്; ബ്രിട്ടനിലെ മരണ നിരക്ക് മുകളിലോട്ട്
അതേ സമയം ദക്ഷിണകൊറിയയില്‍ ഫെബ്രുവരി 29ന് ശേഷം സമ്പര്‍ക്കം മൂലമുള്ള ഒറ്റ പുതിയ കേസും റിപോര്‍ട്ട് ചെയ്തില്ല
ലോകത്ത് കോവിഡ് മരണം രണ്ടു ലക്ഷത്തി ഇരുപത്തെട്ടായിരം കടന്നു. അതിനിടെ മരണ നിരക്കില്‍ ബ്രിട്ടനാണ് നിലവില്‍ ലോകത്ത് മുന്നിലുള്ളത്. നിലവില്‍ 165,221 രോഗികളില്‍ 26,097 ആണ് യു,കെയിലെ മരണസംഖ്യ. അമേരിക്കയും ഇറ്റലിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുള്ളതും യു.കെയിലാണ്.
16തമാനമാണ് യു.കെയിലെ മരണനിരക്ക്. 100 കോവിഡ് രോഗികളില്‍ 16 പേര്‍ മരിക്കുന്നു എന്നര്‍ഥം. അമേരിക്കയില്‍ ഇത് 6ഉം ഇറ്റലിയില്‍ 14 ഉമാണ്. കഴിഞ്ഞ ദിവസം നാലായിരത്തിലധികം മരണമാണ് യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രികളിലെ മരണം മാത്രമാണ് യു.കെ പുറത്തുവിട്ടിരുന്നുള്ളൂ. ഇന്നലെ ആശുപത്രിക്ക് പുറത്ത് നഴ്സിങ് ഹോമുകളിലും വീടുകളിലും ഉണ്ടായ കോവിഡ് മരണങ്ങള്‍ കൂടി പുറത്തുവിട്ടതോടെയാണ് മരണസംഖ്യ കുത്തനെ ഉയര്‍ന്നത്.
യു.കെയിലടക്കം കുട്ടികളില്‍ കണ്ടുവരുന്ന ചില പ്രത്യേക രോഗലക്ഷണങ്ങളെ കുറിച്ച് ജാഗ്രത കാണിക്കണമെന്ന് WHO മുന്നറിയിപ്പ് നല്‍കി. ഈ രോഗമുള്ള കുട്ടികളില്‍ ചിലര്‍ മാത്രമാണ് കോവിഡ് പോസിറ്റിവായിട്ടുള്ളത്.
അതേ സമയം ദക്ഷിണകൊറിയയില്‍ ഫെബ്രുവരി 29ന് ശേഷം സമ്പര്‍ക്കം മൂലമുള്ള ഒറ്റ പുതിയ കേസും റിപോര്‍ട്ട് ചെയ്തില്ല. ഇന്നലെയുണ്ടായ നാല് കേസുകള്‍ എല്ലാം വിദേശത്തു നിന്ന് വന്നവരാണ്. സമൂഹ വ്യാപനം ഉണ്ടായ ഒരു രാജ്യം ഇതാദ്യമായാണ് ഇത്തരം ഒരു നേട്ടം കൈവരിക്കുന്നത്.
അതിനിടെ, കോവിഡ് വ്യാപനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് വീണ്ടും ചൈനയെ കുറ്റപ്പെടുത്തി. താന്‍ വീണ്ടും പ്രസിഡന്റാകുന്നത് തടയുകയാണ് ചൈനയുടെ ലക്ഷ്യമെന്നാണ് ട്രംപിന്റെ പുതിയ ആരോപണം. മെയ് ആദ്യ വാരത്തോടെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനൊരുങ്ങുകയാണ്.