കൊറോണ വൈറസിന്‍റെ ഉത്ഭവം സ്വാഭാവികമായ രീതിയിലെന്ന് ആവര്‍ത്തിച്ച് ലോകാരോഗ്യ സംഘടന

വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസിനെ ചൈന എങ്ങനെ നേരിട്ടു എന്നത് അഭിനന്ദനാര്‍ഹമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ടെക്നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു

Update: 2020-05-02 10:55 GMT

കൊറോണ വൈറസ് വ്യാപനം സ്വാഭാവിക ഉത്ഭവമാണെന്നാണ് ആവർത്തിച്ച് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ മൈക്കൽ റയാൻ. ചൈനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് വൈറസ് വ്യാപനമുണ്ടായതെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് മൈക്കൽ റയാൻ ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് വൈറസിനെക്കുറിച്ചും അതിന്റെ ജീൻ സ്വീക്വൻസുകളെക്കുറിച്ചും പഠനം നടത്തിയ നിരവധി ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ ലോകാരോഗ്യ സംഘടന ആവർത്തിച്ച് പരിശോധിച്ചിട്ടുണ്ട്. വൈറസിന്റേത് സ്വാഭാവിക ഉത്ഭവമാണെന്ന് ഉറപ്പുള്ള കാര്യമാണെന്നും റയാൻ ചൂണ്ടിക്കാണിച്ചു.

Advertising
Advertising

വൈറസിന്റെ സ്വാഭവിക ഉത്ഭവം എങ്ങനെയാണെന്ന് സ്ഥാപിക്കേണ്ടത് അത്യാവശ്യമായിരുന്നു. വൈറസിനെക്കുറിച്ച് കൂടുതൽ മനസിലാക്കാനും ഭാവിയിൽ ഇത്തരം രോഗവ്യാപനം തടയാനും ഇത് സഹായിക്കുമെന്നും റയാൻ കൂട്ടിച്ചേർത്തു. കോവിഡ് വ്യാപനം അതിന്റെ മൂർധന്യാവസ്ഥയിലാണെന്നും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ സാഹചര്യം തുടരുകയാണെന്നും വെള്ളിയാഴ്ച ചേർന്ന ഡബ്ല്യുഎച്ച്ഒ എമർജൻസി കമ്മിറ്റി വിലയിരുത്തി.

അതേസമയം, വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസിനെ ചൈന എങ്ങനെ നേരിട്ടു എന്നത് അഭിനന്ദനാര്‍ഹമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ടെക്നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു. ഡബ്ല്യു.എച്ച്.ഒ ചൈനക്ക് കുഴലൂത്ത് നടത്തുകയാണ് എന്ന് ട്രംപ് വിമര്‍ശിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. കോവിഡ് രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ ഇപ്പോള്‍ ഒരു കേസ് പോലും പോസിറ്റീവായിട്ടില്ല.

Similar News