ലംബോര്‍ഗിനി വാങ്ങാന്‍ കാറോടിച്ച് പോയ അഞ്ചു വായസുകാരന്‍ പൊലീസ് പിടിയില്‍
അമ്മയുടേയും മൂത്ത സഹോദരിയുടേയും കണ്ണുവെട്ടിച്ച് മൂന്ന് ഡോളറുമായിട്ടായിരുന്നു കുട്ടി ലംബോര്‍ഗിനി വാങ്ങാന്‍ പുറപ്പെട്ടത്. നാല് കിലോമീറ്ററോളം ഹൈവേയില്‍ അടക്കം കാറോടിക്കുകയും ചെയ്തു...
കൈ കാണിച്ചു നിര്‍ത്തിയ കാറിലെ ഡ്രൈവറെ കണ്ടപ്പോള്‍ അമേരിക്കയിലെ യൂട്ട ഹൈവേ പൊലീസ് അമ്പരന്നു. സ്റ്റിയറിംങിന് പിന്നിലിരിക്കുന്നത് ഒരു അഞ്ചു വയസുകാരന്‍! എങ്ങോട്ടാ യാത്രയെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി കേട്ടപ്പോള്‍ പൊലീസിന്റെ കിളിപോയി. മൂന്ന് ഡോളറും കൊണ്ട് ആഢംബര കാറായ ലംബോര്‍ഗിനി വാങ്ങാന്‍ കാലിഫോര്‍ണിയയിലേക്ക് പോകുന്നുവെന്നായിരുന്നു അഞ്ചു വയസുകാരന്റെ മറുപടി.
ലംബോര്‍ഗിനി വാങ്ങി തരാത്തത്തിന് വീടു വിട്ട് ഇറങ്ങിയതായിരുന്നു അഞ്ചു വയസുകാരന്‍. മൂത്ത സഹോദരിയെയാണ് കുട്ടിയെ നോക്കാന്‍ ഏല്‍പിച്ചിരുന്നത്. എന്നിട്ട് അമ്മ വീട്ടു ജോലികളിലായിരുന്നു. ഇരുവരേയും ശ്രദ്ധ മാറിയപ്പോള്‍ എസ്.യു.വിയുടെ താക്കോല്‍ സംഘടിപ്പിച്ച് നേരെ കാലിഫോര്‍ണിയയിലേക്ക് തന്നെ വെച്ചുപിടിച്ചു. മൂന്ന് ഡോളറുമായി ലംബോര്‍ഗിനി വാങ്ങാന്‍!
യുട്ട ദേശീയ പാതയിലൂടെ പോയ കാറിന്റെ പോക്കിന്റെ പന്തികേട് മൂലമാണ് ഹൈവേ പൊലീസ് തടഞ്ഞത്. പരിശോധനക്കെത്തിയ പൊലീസുകാര്‍ ആദ്യം കരുതിയത് ഭിന്ന ശേഷിക്കാരനാണെന്നാണ്. പിന്നീട് അഞ്ച് വയസുകാരനാണ് സംഭവത്തിലെ യഥാര്‍ഥ പ്രതിയെന്നറിഞ്ഞതോടെ അവര്‍ തന്നെ ഞെട്ടിപ്പോയി. ഹൈവേയില്‍ അടക്കം ഏതാണ്ട് നാല് കിലോമീറ്ററോളം കുട്ടി കാറോടിച്ച സംഭവത്തെ അധികൃതര്‍ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്.
കുട്ടിയുടെ ഡ്രൈവിംഗിനെ തുടര്‍ന്ന് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്. എന്നാല്‍ സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന. കുട്ടിയുടെ മുഖം മറച്ചുള്ള ചിത്രം യുട്ട ഹൈവേ പട്രോളിന്റെ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.