തുടര്‍ച്ചയായി ഒമ്പതാം ദിവസവും റഷ്യയില്‍ പതിനായിരത്തിലേറെ കോവിഡ് രോഗികള്‍
ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മൂന്നാമത്തെ രാജ്യമായി റഷ്യ മാറി. എന്നാല്‍ ഇന്ത്യയേക്കാള്‍ കുറവ് കോവിഡ് മരണങ്ങളേ റഷ്യയില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളൂ...
തുടര്‍ച്ചയായി ഒമ്പതാമത്തെ ദിവസവും റഷ്യയില്‍ പതിനായിരത്തിലേറെ കോവിഡ് രോഗങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 11,656 പേര്‍ക്കാണ് റഷ്യയില്‍ പുതുതായി കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,21,344 ആയെന്ന് റഷ്യന്‍ കൊറോണ വൈറസ് ദൗത്യ സംഘം അറിയിച്ചു. ഒരു ദിവസത്തിനിടെ 94 മരണം കൂടി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ ആകെ മരണസംഖ്യ 2,009 ആവുകയും ചെയ്തു.
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മൂന്നാമത്തെ രാജ്യമായും റഷ്യ മാറിയിട്ടുണ്ട്. ഇറ്റലിയേയും ബ്രിട്ടനേയുമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യ മറികടന്നിരിക്കുന്നതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പറയുന്നു. തലസ്ഥാനമായ മോസ്‌കോയാണ് റഷ്യയിലെ കോവിഡിന്റെ ആസ്ഥാനവും. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,169 പുതിയ രോഗികള്‍ കൂടി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ മോസ്‌കോയില്‍ മാത്രം കോവിഡ് രോഗികള്‍ 1,15,909 ആയിട്ടുണ്ട്.
റഷ്യയേക്കാള്‍ കുറവ് കോവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ മരണസംഖ്യ വളരെ കൂടുതലാണ്. 2.19 ലക്ഷത്തിലേറെ കോവിഡ് രോഗികളുള്ള ബ്രിട്ടനില്‍ 31000ത്തിലേറെ പേരും 2.19 ലക്ഷത്തിലേറെ രോഗികളുള്ള ഇറ്റലിയില്‍ മുപ്പതിനായിരത്തിലേറെ പേരുമാണ് മരിച്ചത്. 67,000ത്തിലേറെ പേരില്‍ മാത്രം കോവിഡ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള ഇന്ത്യയില്‍ പോലും 2200ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.
അതേസമയം തങ്ങള്‍ വ്യാപകമായി കോവിഡ് പരിശോധനകള്‍ നടത്തുന്നതുകൊണ്ടാണ് രോഗം തിരിച്ചറിയുന്നതെന്നാണ് റഷ്യന്‍ അധികൃതരുടെ വാദം. ഇതുവരെ 56 ലക്ഷം കോവിഡ് പരിശോധനകള്‍ നടന്നിട്ടുണ്ടെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്.
റഷ്യന്‍ പ്രസിഡന്റ് പുടിന്‍ രാജ്യത്തെ ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് കോവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. മാര്‍ച്ച് അവസാനമാണ് റഷ്യയില്‍ കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.