കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാതിരിക്കാനും സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
കോവിഡിനെതിരായ മുന്‍കരുതലുകള്‍ സ്വീകരിച്ചശേഷം ഘട്ടംഘട്ടമായി ലോക്ഡൗണില്‍ നിന്നും പുറത്തുവരാനുള്ള പദ്ധതിയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്...
കോവിഡിനെതിരായ വാക്‌സിന്‍ കണ്ടുപിടിക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നും ഏറ്റവും മോശം സാഹചര്യത്തില്‍ വാക്‌സിന്‍ ഒരിക്കലും കണ്ടുപിടിച്ചില്ലെന്നും വരാമെന്ന് മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രിട്ടന്റെ കോവിഡ് ലോക്ഡൗണില്‍ ഇളവു വരുത്താനുള്ള നിര്‍ദേശങ്ങള്‍ വിശദീകരിച്ചുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു ബോറിസ് ജോണ്‍സണ്‍ ഇക്കാര്യം പറഞ്ഞത്. ഘട്ടം ഘട്ടമായി ലോക്ഡൗണില്‍ നിന്നും പുറത്തുവരുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അമ്പത് പേജുള്ള മാര്‍ഗ്ഗനിര്‍ദേശ രേഖയാണ് ജനങ്ങള്‍ മുമ്പാകെ വെച്ചിരിക്കുന്നത്.
കോവിഡിനെതിരായ മുന്‍കരുതലുകള്‍ സ്വീകരിച്ചശേഷം രാജ്യത്തിന്റെ വിപണി പതുക്കെ തുറക്കാനാണ് ബ്രിട്ടന്റെ തീരുമാനം. സാമൂഹ്യ അകലം പാലിക്കുന്നതില്‍ മികച്ച സാമാന്യബോധമുള്ള ബ്രിട്ടീഷുകാര്‍ ശ്രദ്ധിക്കുമെന്ന പ്രതീക്ഷയും ബോറിസ് ജോണ്‍സണ്‍ പങ്കുവെച്ചു. ഞായറാഴ്ച്ച രാത്രി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് ബോറിസ് ജോണ്‍സണ്‍ ലോക്ഡൗണില്‍ നിന്നും പുറത്തുവരാനുള്ള പദ്ധതി അവതരിപ്പിച്ചത്. തിങ്കളാഴ്ച്ച അമ്പത് പേജുള്ള ഈ റിപ്പോര്‍ട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വെക്കുകയും ചെയ്തു. നാളെ മുതലാണ് ലോക്ഡൗണില്‍ ഇളവുകള്‍ ലഭിക്കുക. ആറാഴ്ച്ചക്ക് ശേഷമാണ് ബ്രിട്ടന്‍ ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്നത്.
ये à¤à¥€ पà¥�ें- ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേര് കുഞ്ഞിന് നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി
ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ കോവിഡിന് വാക്‌സിന്‍ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും എന്നാല്‍ വാക്‌സിന്‍ ഒരിക്കലും കണ്ടെത്താതിരിക്കാനുള്ള ഏറ്റവും മോശം സാധ്യതയും മുന്നിലുണ്ടെന്നുമാണ് ബോറിസ് ജോണ്‍സണ്‍ ഓര്‍മിപ്പിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ ഇംഗ്ലീഷ് പ്രീമീയര്‍ ലീഗ് അടക്കമുള്ള കായികമത്സരങ്ങള്‍ അടച്ചിട്ട മൈതാനങ്ങളില്‍ നടത്താനും ബ്രിട്ടന്‍ അനുമതി നല്‍കിയിട്ടുണ്ട്.
സാധ്യമാകുന്നവര്‍ വീടുകളിലിരുന്നുകൊണ്ട് ജോലിചെയ്യണമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേസമയം നിര്‍മ്മാണ മേഖലകള്‍ പോലുള്ളവയില്‍ തൊഴിലെടുക്കുന്നവര്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ജോലിയെടുക്കണമെന്നും നിര്‍ദേശമുണ്ട്. കാര്യങ്ങള്‍ അനുകൂലമായി പോയാല്‍ ജൂലൈ മുതല്‍ ബാര്‍ബര്‍ ഷോപ്പുകളും സിനിമാ തിയേറ്ററുകളും പബ്ബുകളും തുറക്കുമെന്നാണ് ബ്രിട്ടന്‍ അറിയിച്ചിരിക്കുന്നത്. ഇതിനിടെ കോവിഡ് വീണ്ടും പിടിമുറുക്കിയാല്‍ തിയതികള്‍ നീളും.