11 വയസ്സുള്ളപ്പോള്‍ സ്പാനിഷ് ഫ്ലൂ, 113ല്‍ കോവിഡ് 19: അതിജീവിച്ച് മരിയ ബ്രന്യാസ്
കോവിഡ് 19 ബാധിച്ച് ലോകമെങ്ങും പ്രായവ്യത്യാസമില്ലാതെ ആളുകള്‍ മരിച്ചുവീഴുമ്പോള്‍ വൈറസിനെ അതിജീവിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരിക്കുകയാണ് സ്പെയിനിലെ ഈ 113കാരി
കോവിഡ് 19 ബാധിച്ച് ലോകമെങ്ങും പ്രായവ്യത്യാസമില്ലാതെ ആളുകള്‍ മരിച്ചുവീഴുമ്പോള്‍ വൈറസിനെ അതിജീവിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരിക്കുകയാണ് സ്പെയിനിലെ ഈ 113കാരി. പ്രായാധിക്യമുള്ളവര്‍ അസുഖബാധിതരായാല്‍ മരണം ഉറപ്പെന്ന ധാരണയെ തിരുത്തുകയാണ് ഇവര്‍.
സ്പെയിനിലെ ഒരു റിട്ടയര്‍മെന്റ് ഹോമിലാണ് മരിയ ബ്രന്യാസ് താമസിക്കുന്നത്. ഇതേ റിട്ടയര്‍മെന്റ് ഹോമിലെ പലരും അസുഖബാധിതരായി ഇതിനകം മരിച്ചു കഴിഞ്ഞു.
1907-ല്‍ അമേരിക്കയിലാണ് മരിയ ബ്രാന്‍സ് ജനിച്ചത്. എട്ടാം വയസ്സില്‍ സ്‌പെയിനിലേക്ക് വീട്ടുകാര്‍ക്കൊപ്പം താമസം മാറി. കഴിഞ്ഞ 20 വര്‍ഷമായി സാന്ത മരിയ ദേല്‍ തുര കെയര്‍ ഹോമിലെ അന്തേവാസിയാണ് അവര്‍. ഏപ്രിലിലാണ് മരിയയെ അസുഖബാധിതയായതിനെ തുടര്‍ന്ന് സ്വന്തം മുറിയില്‍ തന്നെ ഐസലേഷനിലാക്കുന്നത്.
മൂന്നു മക്കളുടെ അമ്മയാണ് മരിയ. ആഴ്ചകളോളമാണ് സ്വന്തം റൂമില്‍ മരിയ ഐസലേഷനില്‍ കഴിഞ്ഞത്. അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനായി ഒരു ജീവനക്കാരിയെ റിട്ടയര്‍മെന്റ് ഹോം നിയോഗിച്ചിരുന്നു. അവരിപ്പോള്‍ പൂര്‍ണമായും ആരോഗ്യവതിയാണെന്ന് പറയുന്നു, റിട്ടയര്‍മെന്റ് ഹോമിലെ മരിയയുടെ കെയര്‍ടേക്കര്‍. കഴിഞ്ഞ ആഴ്ച നടത്തിയ മരിയയുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. നല്ല ആരോഗ്യമാണ് കോവിഡ് ബാധിച്ചെങ്കിലും അസുഖം പെട്ടെന്ന് ഭേദമാകാന്‍ തന്നെ സഹായിച്ചതെന്നാണ് മരിയ പറയുന്നത്. 1918-ല്‍ സ്പാനിഷ് ഫ്‌ളൂ മഹാമാരിയെ അതിജീവിച്ച വ്യക്തിയാണ് മരിയ.