കോവിഡ് രോഗികളില്‍ ബ്രസീല്‍ നാലാമത്, പ്രസിഡന്റിനും കോവിഡിനും ഇടയില്‍ ബ്രസീല്‍ ജനത
കോവിഡ് പരിശോധനാ നിരക്ക് വര്‍ധിപ്പിച്ചാല്‍ ബ്രസീലിലെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന ആശങ്കയും വ്യാപകമാണ്...
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ബ്രസീല്‍ നാലാമതായി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സ്‌പെയിനേയും ഇറ്റലിയേയും മറികടന്ന ബ്രസീല്‍ ഇപ്പോള്‍ ആഗോള തലത്തില്‍ നാലാമതാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവ് മാത്രം കോവിഡ് പരിശോധന നടന്നിട്ടുള്ള ബ്രസീലിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാണെന്ന ആശങ്കയുമുണ്ട്.
ശനിയാഴ്ച്ച 14,919 കോവിഡ് കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,33,142 ആയി. നിലവില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്കക്കും റഷ്യക്കും ബ്രിട്ടനും പിന്നിലാണ് ബ്രസീല്‍. എന്നാല്‍ ഈ രാജ്യങ്ങളില്‍ നടന്നിട്ടുള്ള കോവിഡ് പരിശോധനയുടെ ചെറിയൊരു ഭാഗം മാത്രമേ 21 കോടിയോളം ജനങ്ങളുള്ള ബ്രസീലില്‍ നടന്നിട്ടുള്ളൂ.
ये à¤à¥€ पà¥�ें- അഭിപ്രായ വ്യത്യാസം: കോവിഡ് ദുരന്തത്തിനിടെ ആരോഗ്യമന്ത്രിയെ പുറത്താക്കി ബ്രസീല്‍ പ്രസിഡന്റ്
ലോക്ഡൗണ്‍ നടപടികളെ എതിര്‍ക്കുന്ന ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സനാരോക്കെതിരായ വിമര്‍ശനങ്ങള്‍ രാജ്യത്തിനകത്തും പുറത്തും രൂക്ഷമായിട്ടുണ്ട്. രണ്ട് ആരോഗ്യമന്ത്രിമാരാണ് ബ്രസീലില്‍ കോവിഡ് പ്രതിസന്ധി മൂര്‍ധന്യത്തിലായ കഴിഞ്ഞ മാസത്തിനിടെ മാറിയത്. ആദ്യ ബൊല്‍സനാരോയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ലൂയിസ് മണ്ടേറ്റ ഏപ്രില്‍ 16നാണ് രാജിവെച്ചത്. പകരമെത്തിയ അര്‍ബുദ ചികിത്സാ വിദഗ്ധന്‍ കൂടിയായ നെല്‍സണ്‍ ടെയ്കും ഒരു മാസം തികയും മുമ്പേ രാജിവെച്ചു.
കോവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പോലുള്ള ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത മരുന്നുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ടെയ്കിനും ബൊല്‍സനാരോക്കും ഇടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ഡൗണും ക്വാറന്റെയ്ന്‍ നടപടികളും തുടര്‍ന്ന സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാരുമായും ബൊല്‍സനാരോ പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ലോക്ഡൗണ്‍ നടപടികളെ തുടര്‍ന്ന് സമ്പദ്‌വ്യവസ്ഥക്കുണ്ടാകുന്ന നഷ്ടങ്ങള്‍ നികത്താനാവില്ലെന്നാണ് ബൊല്‍സനാരോ ആവര്‍ത്തിക്കുന്നത്.
ബ്രസീലില്‍ ഇതുവരെ ആകെ ഏഴ് ലക്ഷത്തോളം കോവിഡ് പരിശോധനകള്‍ മാത്രമാണ് നടന്നിട്ടുള്ളത് ഇതില്‍ നിന്നാണ് 2.33 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഏതാണ്ട് 1.45 ലക്ഷം കോവിഡ് പരിശോധനാ ഫലങ്ങള്‍ വരാനുണ്ടെന്നാണ് ബ്രസീല്‍ ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ബ്രസീല്‍ മറികടന്ന ഇറ്റലിയില്‍ 28 ലക്ഷത്തിലേറെ പരിശോധനകളും സ്‌പെയിനില്‍ 30 ലക്ഷത്തിലേറെ കോവിഡ് പരിശോധനകളും നടന്നിട്ടുണ്ട്. അമേരിക്കയില്‍ ഒരു കോടിയിലേറെ കോവിഡ് പരിശോധനകളും റഷ്യയില്‍ 66 ലക്ഷത്തിലേറെ പരിശോധനകളും നടന്നിട്ടുണ്ട്. പരിശോധനാ നിരക്ക് വര്‍ധിപ്പിച്ചാല്‍ ബ്രസീലിലെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന ആശങ്കയും വ്യാപകമാണ്.