'പാക് വിമാനാപകടം ചില ഇന്ത്യക്കാർ ആസ്വദിക്കുന്നു'; ആരോപണവുമായി സോഷ്യല്‍മീഡിയ
97 പേര്‍ക്ക് ജീവന്‍ നഷ്ടമായ കറാച്ചി വിമാനാപകടത്തെ ആസ്വദിക്കുകയാണ് ചിലരെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ആരോപണം...
പാകിസ്താനി ഇന്റര്‍നാഷണല്‍ എയര്‍ലൈനിന്റെ വിമാനം വെള്ളിയാഴ്ചയാണ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ 97 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രണ്ട് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.
എയര്‍ബസ് എ320 വിമാനം ലാന്റ് ചെയ്യാനായി രണ്ട് മൂന്നു തവണ വട്ടമിട്ട് പറന്ന ശേഷമാണ് ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീണത്. വിമാനം നിലംപതിച്ച മോഡല്‍ കോളനിയിലെ നിരവധിവീടുകളും തകര്‍ന്നിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന 11ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങാനായി ശ്രമിക്കുന്നതിനിടെ സമീപത്തെ മൊബൈല്‍ ടവറില്‍ ഇടിച്ചതോടെയാണ് വിമാനത്തിന് നിയന്ത്രണം നഷ്ടമായതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. വിമാനാപകടത്തെ തുടര്‍ന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അനുശോചന സന്ദേശങ്ങള്‍ പ്രവഹിച്ചു.
എന്നാല്‍ ചില ഇന്ത്യക്കാരെങ്കിലും ഈ അപകടത്തില്‍ സന്തോഷിക്കുകയാണെന്നാണ് സോഷ്യല്‍മീഡിയ ഉയര്‍ത്തുന്ന വിമര്‍ശം. വിമാനാപകടത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും തമാശയാക്കുകയും ചെയ്ത ചില കമന്റുകളാണ് വിവാദമായിരിക്കുന്നത്. ഒരു ദുരന്തത്തെ പോലും ആഘോഷിക്കാനുള്ള മാനസികാവസ്ഥയെ ചോദ്യം ചെയ്തുള്ള ട്വീറ്റുകള്‍ വൈകാതെ പ്രത്യക്ഷപ്പെട്ടു.