വിനോദ സഞ്ചാരമേഖലയില്‍ 99.9 ശതമാനത്തിന്റെ ഇടിവാണ് ജപ്പാന്‍ നേരിട്ടത്
രാജ്യത്തെ വിനോദസഞ്ചാര മേഖലക്ക് ഉണര്‍വേകുകയെന്ന ലക്ഷ്യത്തിലാണ് പദ്ധതി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്...
ഈ വര്‍ഷം ഏപ്രിലില്‍ 2900 സഞ്ചാരികളാണ് ജപ്പാന്‍ സഞ്ചരിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ജപ്പാനിലെത്തിയതാകട്ടെ 29,26,685 സഞ്ചാരികളും. വിനോദ സഞ്ചാര മേഖലയില്‍ കോവിഡ് മൂലമുണ്ടായ ഇടിവ് 99.9 ശതമാനം. ടൂറിസം മേഖലയിലെ ഈ ഭീമമായ നഷ്ടത്തിന്റെ യാഥാര്‍ഥ്യം മനസിലാക്കിയാണ് ജാപ്പനീസ് സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്.
എത്രയും പെട്ടെന്ന് വിനോദസഞ്ചാര മേഖലയില്‍ ഉണര്‍വുണ്ടാക്കുകയെന്ന ലക്ഷ്യത്തിലാണ് ജാപ്പനീസ് സര്‍ക്കാരിന്റെ മുന്നിലേക്ക് ഈ പദ്ധതി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ജപ്പാനിലെത്തുന്ന സഞ്ചാരികളുടെ യാത്രാചിലവിന്റെ പകുതി സര്‍ക്കാര്‍ തന്നെ വഹിക്കാനാണ് പദ്ധതിയിലെ നിര്‍ദേശം. അനുമതി ലഭിച്ചാല്‍ ജൂലൈ ഓടെ പദ്ധതി യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ.
ഏതാണ്ട് 12.5 ബില്യണ്‍ ഡോളര്‍ (ഏതാണ്ട് 95000 കോടിരൂപ) പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് മുടക്കേണ്ടി വരുമെന്നാണ് ജപ്പാന്‍ ടൂറിസം ഏജന്‍സിയുടെ ഹിരോഷി ടബാട്ട പറയുന്നത്. ജപ്പാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. മറ്റു ലോകരാജ്യങ്ങളെ പോലെ അന്താരാഷ്ട്രവിമാന സര്‍വ്വീസുകള്‍ ജപ്പാനും നിരോധിച്ചിരിക്കുകയാണ്.
കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഇളവുകള്‍ വരുത്താന്‍ പല രാജ്യങ്ങളും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസത്തോടെ അതിര്‍ത്തികള്‍ തുറക്കുമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കോവിഡിന്റെ കെടുതികള്‍ ഏറ്റവും രൂക്ഷമായി അനുഭവിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി.